22 December Sunday

കെഎസ്കെടിയു സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

വിനോദ്‌ പായംUpdated: Tuesday Aug 20, 2024



കൊടക്കാട് (കാസർകോട്)
കേരള സ്റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ 23–-ാം സംസ്ഥാന സമ്മേളനത്തിന്  ആവേശത്തുടക്കം. കൊടക്കാട്‌ ബാങ്ക് ഓഡിറ്റോറിയ(കെ കുഞ്ഞിരാമൻ നഗർ)ത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ പതാകയുയർത്തിയതോടെയാണ്‌  സമ്മേളനത്തിന്‌  തുടക്കമായത്‌.

അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ   ഉദ്ഘാടനംചെയ്തു. എൻ ആർ ബാലൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ എം വി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. എൻ രതീന്ദ്രൻ രക്തസാക്ഷി പ്രമേയവും സുരേഷ് താളൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന ഭാരവാഹികൾ അടങ്ങിയതാണ്‌ സ്റ്റിയറിങ്‌ കമ്മിറ്റി. സി ബി ദേവദർശനൻ (പ്രമേയം), കെ കെ ദിനേശൻ (ക്രഡൻഷ്യൽ), കോമള ലക്ഷ്‌മണൻ (മിനുട്‌സ്‌), കെ ശശാങ്കൻ (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായ കമ്മിറ്റികളും സമ്മേളനം നിയന്ത്രിക്കുന്നു.പതാക കയ്യൂർ രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ പി കരുണാകരൻ, ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമന് കൈമാറി. അത്‌ലീറ്റുകൾ സമ്മേളന നഗറിൽ എത്തിച്ചു.


 

അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ  ജനറൽ സെക്രട്ടറി ബി വെങ്കട്ട്, വൈസ് പ്രസിഡന്റുമാരായ എം വി ഗോവിന്ദൻ, കെ കോമളകുമാരി, ജോയിന്റ്‌ സെക്രട്ടറിമാരായ ഡോ. വിക്രംസിങ്‌, വി ശിവദാസൻ എംപി, സംസ്ഥാന സെക്രട്ടറിമാരായ വി വെങ്കടേശ്വരലു (ആന്ധ്ര), ആർ വെങ്കട്ടരാമലു (തെലങ്കാന), വി അമൃതലിംഗം (തമിഴ്നാട്), ചന്ദ്രപ്പ ഹോസ്‌കര (കർണാടക) എന്നിവർ  പങ്കെടുക്കുന്നു.

സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി ബി ദേവദർശനൻ കണക്കും അവതരിപ്പിച്ചു. തുടർന്ന്, ഗ്രൂപ്പ് ചർച്ചനടന്നു. രക്തസാക്ഷി സ്‌മൃതിസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു.ബുധനാഴ്ചത്തെ പൊതുചർച്ചയ്‌ക്ക്‌ വ്യാഴാഴ്ച മറുപടി നൽകും. തുടർന്ന്‌ ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

കയ്യൂരിന്റെ 
സമരവീര്യം കണ്ടറിഞ്ഞ് 
പ്രതിനിധികൾ
വീരചരിതമെഴുതി കഴുമരം വരിച്ച കയ്യൂർ രക്തസാക്ഷികളുടെ മണ്ണിൽ ആവേശമായി  സമ്മേളന പ്രതിനിധികളെത്തി.  കയ്യൂർ സമര ചരിത്രം വായിച്ചും കേട്ടും അറിഞ്ഞവർ വിപ്ലവ ഭൂമികയിൽ അഭിമാനത്തോടെയാണ് എത്തിയത്.   തേജസ്വിനിക്കരയിൽ എത്തിയ ഓരോരുത്തരും രക്തസാക്ഷികളുടെ പേരെടുത്ത് മുദ്രാവാക്യം വിളിച്ചാണ്  നടന്നുനീങ്ങിയത്.   പ്രതിനിധികളെ  പാളത്തൊപ്പിയണിഞ്ഞ കർഷകരും  കൊടിയേന്തിയ സ്ത്രീകളും ചുവന്ന ഷാൾ നൽകി വരവേറ്റു. നേതാക്കളെ സ്മൃതിസംഗമം  ചെയർമാൻ എം രാജഗോപാലൻ എംഎൽഎയും   ഷാളണിയിച്ചു.  ബാൻഡ്‌ മേളങ്ങളുടെ   അകമ്പടിയിൽ മുദ്രാവാക്യം വിളിച്ച് പ്രതിനിധികൾ  കയ്യൂർ രക്തസാക്ഷി മണ്ഡപത്തിലേക്ക് എത്തി.   എ വിജയരാഘവൻ,  എം വി ഗോവിന്ദൻ എന്നിവർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപിച്ചു.   കയ്യൂർ രക്തസാക്ഷി സ്മാരക ഹാളിൽ നടന്ന രക്തസാക്ഷി സ്മൃതിസംഗമം  എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. സമ്മേളന ഭാഗമായി നടത്തിയ രചനാ മത്സരവിജയികൾക്ക്  എ വിജയരാഘവൻ സമ്മാനം വിതരണംചെയ്തു. രക്തസാക്ഷി കുടുംബങ്ങൾ, പ്രവർത്തകർ എന്നിവർ സംഗമത്തിൽ പങ്കാളികളായി.    വി കെ രാജൻ സ്വാഗതം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top