22 December Sunday
എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിച്ചു

കെഎസ്ആർടിസിയിൽ പുതിയ ഘട്ടത്തിന് തുടക്കം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

തിരുവനന്തപുരം> യാത്രക്കാർക്ക്‌ മികച്ച സൗകര്യങ്ങൾ നൽകിയും തൊഴിലാളി സൗഹൃദ നടപടിയിലൂടെയും കെഎസ്ആർടിസിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി സർവീസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുജനങ്ങൾക്ക് മികച്ച യാത്രാസൗകര്യം നൽകാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. പ്രതിസന്ധിയിലൂടെ കടന്നുപോയ കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തനതു ഫണ്ട് ഉപയോഗിച്ചാണ് പത്ത് എസി സൂപ്പർ ഫാസ്റ്റ്‌ ബസുകൾ വാങ്ങിച്ചത്‌. ജീവനക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച്‌ എല്ലാ മാസവും മുഴുവൻ ശമ്പളവും നേരത്തേ നൽകാനാണ് വകുപ്പ്‌ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിലെ തൊഴിലാളികൾക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. തൊഴിലാളികൾക്ക് ഒറ്റ ഗഡുവായി ശമ്പളം നൽകാൻ കഴിഞ്ഞത്‌ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെയാണ്‌. എല്ലാമാസവും രണ്ടാം തീയതിക്കകം ശമ്പളം നൽകുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട്ടേക്കായിരുന്നു ആദ്യ സർവീസ്‌. ടാറ്റ മോട്ടോഴ്‌സ് റീജണൽ സെയിൽസ് മാനേജർ ആനന്ദ് കുമാർ, കൗൺസിലർ കെ ജി കുമാരൻ, കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ എന്നിവർ സംസാരിച്ചു. മികച്ച പ്രകടനം കാഴ്‌ചവച്ച പത്ത് യൂണിറ്റ് ഓഫീസർമാർക്ക് മന്ത്രി  ഉപഹാരങ്ങൾ നൽകി.

 സൂപ്പറാണ്‌ എസി സൂപ്പർ ഫാസ്റ്റ്‌

സ്വകാര്യ എസി ബസുകളേക്കാൾ അത്യാധുനിക സൗകര്യമുള്ളവയാണ്‌ കെഎസ്‌ആർടിസി പ്രീമിയം സൂപ്പർ ഫാസ്റ്റ്‌ ബസുകൾ. 40 പുഷ്‌ബാക്ക്‌ സീറ്റ്‌, സീറ്റ്‌ ബെൽറ്റ്‌, ഇന്റർനെറ്റ്‌, മൊബൈൽ ചാർജിങ്‌, റീഡിങ് ലാമ്പ്, മാഗസിൻ പൗച്ച്, ടിവി, പാട്ട്‌, ഡ്രൈവർ മൊബൈൽ ഉപയോഗിച്ചാലോ കണ്ണടച്ചാലോ യാത്രക്കാരെ അറിയിക്കാനും കൺട്രോൾ റൂമിലേക്ക്‌ അറിയിപ്പ്‌ നൽകാനും അലാറം തുടങ്ങിയവയാണ്‌ പ്രത്യേകത. മറ്റ്‌ എസി ബസുകളേക്കാൾ ടിക്കറ്റ്‌ നിരക്ക്‌ കുറവ്‌ എന്നതും യാത്രക്കാരെ ആകർഷിക്കും. വൈഫൈ സൗകര്യമുള്ള ബസിൽ യാത്രക്കാർക്ക്‌ ഒരു ജിബി ഡാറ്റ സൗജന്യമാണ്‌. അധികനിരക്ക്‌ നൽകിയാൽ കൂടുതൽ ഡാറ്റ അനുവദിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top