തിരുവനന്തപുരം
അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസ് റെഡി. ആദ്യഘട്ടത്തിൽ പത്തുബസുകളാണ് സർവീസ് നടത്തുക. സൂപ്പർഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും നിരക്ക്. വൈഫൈ കണക്‌ഷൻ, മ്യൂസിക് സിസ്‌റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുണ്ടാകും. 40- സീറ്റുകളാണ് ഉള്ളത്. മുൻകൂട്ടി ബുക്ക് ചെയ്യാം. ഇടയ്‌ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കും. തിരുവനന്തപുരം–-കോഴിക്കോട്, കോഴിക്കോട്–-തിരുവനന്തപുരം, തിരുവനന്തപുരം–-പാലക്കാട്, പാലക്കാട്–- തൃശൂർ റൂട്ടുകളിലാണ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എംസി റോഡിനാണ് മുൻഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം. സർവീസുകൾ അടുത്ത ആഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
ട്രാവൽകാർഡിലെ തുക നഷ്ടമാകില്ല
കെഎസ്‌ആർടിസിയുടെ ട്രാവൽ കാർഡുകൾ എടുത്തിട്ടുള്ള യാത്രക്കാർക്ക് ബാക്കിയുള്ള തുക നഷ്ടമാകില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചു. ഡിജിറ്റൽ പണമിടപാട് സൗകര്യം ആരംഭിക്കുമ്പോൾ ഈ തുക പുതിയ കാർഡിലേക്ക് മാറ്റും. രണ്ടുമാസത്തിനകം ഡെബിറ്റ് കാർഡ്, ഗൂഗിൾ പേ, പേ ടിഎം സൗകര്യങ്ങൾ ഉപയോഗിച്ചും ടിക്കറ്റ് തുക നൽകാൻ സൗകര്യം ബസുകളിൽ ഒരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..