25 September Wednesday

കടലിൽ ഉല്ലാസയാത്രയൊരുക്കി കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

ആലപ്പുഴ > അറബിക്കടലിലെ സൂര്യാസ്‌തമയം കാണാൻ ആനവണ്ടിയിലേറിയെത്തി ആഡംബര കപ്പലിൽ കടൽയാത്രചെയ്യാം. ഒക്‌ടോബറിലെ അവധി ദിവസങ്ങളുൾപ്പെടെ ആഘോഷമാക്കാൻ ‘നെഫർറ്റിറ്റി’ എന്ന കപ്പലിൽ  യാത്ര ഒരുക്കുകയാണ്‌ കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ. ഓണത്തോട് അനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്‌ടോബർ രണ്ടുമുതൽ ദീപാവലിവരെ തുടർയാത്രകളുമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സംസ്ഥാനത്തെ 34 ഡിപ്പോകളാണ് യാത്രയൊരുക്കുന്നത്. ഡീലക്‌സ്‌ ബസിലും ഫാസ്‌റ്റിലുമായി കൊച്ചിയിലെത്താം. ബസ്‌, കപ്പൽയാത്ര അടക്കം ഒരാൾക്ക്‌ 3000-4000 രൂപയാണ് നിരക്ക്‌. ഡിപ്പോകളിൽനിന്നുള്ള ദൂരം അനുസരിച്ച്‌ യാത്രാനിരക്കിൽ വ്യത്യാസം വരും. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെയാണ് ഈ തുക. ഒക്‌ടോബർ 19 മുതൽ 22 വരെ കൊച്ചി പോർട്ടിൽനിന്നും മറ്റ്‌ ദിവസങ്ങളിൽ ബോൾഗാട്ടിയിൽനിന്നും വൈകിട്ട്‌ നാലിന്‌ കപ്പൽ യാത്ര ആരംഭിക്കും.

അടിച്ചുപൊളിക്കാൻ ഡിജെയും

48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. പാട്ട്‌, നൃത്തം, ഭക്ഷണം, മേൽത്തട്ടിൽ ഡിജെ, കുട്ടികളുടെ കളിസ്ഥലം, മൂന്ന്‌ തിയറ്റർ എന്നിവയും സുരക്ഷിതയാത്രയ്‌ക്കായി ലൈഫ് ജാക്കറ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവയും കപ്പലിലുണ്ട്. അഞ്ച്‌ മണിക്കൂറാണ് കടൽയാത്ര. 

വിവരങ്ങൾക്ക്...

കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ അറിയാനാകും. ഈമെയിൽ- btc.ksrtc@kerala.gov.in , btc.ksrtc@gmail.com . കെഎസ്ആർടി വെബ്സൈറ്റുകളിൽ നിന്നും ഫേസ്ബുക്ക് പേജുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top