തിരുവനന്തപുരം
കിടിലൻ വിനോദയാത്രാ പാക്കേജുകളിലൂടെ നാട്ടുകാരുടെ ഹൃദയം കവർന്ന കെഎസ്ആർടിസിക്ക് യാത്രക്കാരുടെ മികച്ച മാർക്ക്. യാത്രചെയ്തവരിൽ 99.25 ശതമാനം പേരും നൽകിയത് ഗുഡ്മാർക്ക്. 2021 നവംബർ മുതൽ 2024 നവംബർ വരെ 819645 പേരാണ് ഈ സർവീസുകളിൽ യാത്ര ചെയ്തത്. 1600 ഓളം പാക്കേജുകൾ അവതരിപ്പിച്ചു. 14477 ട്രിപ്പും നടത്തി. 53.11 കോടി രൂപയാണ് വരുമാനം. 2022, 2023 വർഷങ്ങളിലും 2024 ഒക്ടോബർവരെയും പ്രതിമാസം ശരാശരി 50 ലക്ഷം രൂപയാണ് വരുമാനമുണ്ടായിരുന്നത്. എന്നാൽ, ഈ നവംബറിൽ അഞ്ച് മടങ്ങ് വർധിച്ച് 2.77 കോടിയായി. 771 സർവീസും നടത്തി. 1.10 കോടിയാണ് ലാഭം. ഇതുവരെ 16 കോടിയും. പൊതുജനങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കുറഞ്ഞ നിരക്കിൽ യാത്ര നടത്തുന്നതിനാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്. 93 ഡിപ്പോകൾക്കും ഇത്തരം യാത്ര നടത്താൻ അനുവാദവും നൽകി. 89 ഡിപ്പോയിൽ മികച്ച വരുമാനവുമുണ്ട്.
ഡിപ്പോകളിൽ
കോ–- ഓർഡിനേറ്റർ
യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് വിവരം നൽകാനും കൂടുതൽപേരുണ്ടെങ്കിൽ അവർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ യാത്ര നടത്തികൊടുക്കാനും ഡിപ്പോകളിൽ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. ഇവർ യാത്രകളെ സംബന്ധിച്ചുള്ള വിവരം പങ്കുവയ്ക്കും. മാസത്തിൽ കുറഞ്ഞ ടാർഗറ്റ് അഞ്ചുലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. രണ്ടരലക്ഷത്തിന് മുകളിൽ വരുമാനമുണ്ടാക്കിയാൽ ഇൻസെന്റീവും നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..