17 November Sunday

ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആർക്കും പരുക്കില്ല

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

പത്തനംതിട്ട > ശബരിമല തീർഥാടന പാതയിൽ കെഎസ്ആർടിസി ‌ബസിനു തീപിടിച്ചു. പുലർച്ചെ 5.30ന് തീർഥാടകരെ കയറ്റാനായി പമ്പയിൽ നിന്നു നിലയ്ക്കലേക്കു പോയ ബസാണ് അട്ടത്തോടിന് സമീപത്ത് വച്ച് അപകടത്തിൽ പെട്ടത്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ഉണ്ടായത്. ഷോർട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ.

പേരൂർക്കട ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ വച്ചായിരുന്നു സംഭവം. ബസ് ഓടിക്കോണ്ടിരിക്കുന്നതിനിടെ അസാധാരണ ​ഗന്ധം അനുഭവപ്പെട്ടത്തിനെ തുടർന്ന് നോക്കിയപ്പോഴാണ് എൻജിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ടത്. തുടർന്ന് ഡ്രൈവർ ബസ് നിർത്തി. ഇതിനിടെ തീ ആളിക്കത്തുകയായിരുന്നു. ബസിലുണ്ടായിരുന്നതും അതുവഴി വന്ന മറ്റ് വാഹനങ്ങളിൽ നിന്നടക്കമുള്ളതുമായ പത്തോളം ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോ​ഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള  3 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top