09 October Wednesday

കെഎസ്‌ആർടിസിയുടെ 1117 ബസുകളുടെ കാലാവധി നീട്ടി

സ്വന്തം ലേഖകൻUpdated: Monday Sep 30, 2024

തിരുവനന്തപുരം
കെഎസ്‌ആർടിസിയുടെ 1270 വാഹനങ്ങളുടെ കാലാവധി രണ്ടുവർഷംകൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. 1117 ബസുകളുടെയും 153 ഇതര വാഹനങ്ങളുടെയുമാണ്‌ കാലാവധി നീട്ടുന്നത്‌. ഇവയുടെ 15 വർഷത്തെ രജിസ്‌ട്രേഷൻ കാലാവധി തിങ്കളാഴ്ച അവസാനിക്കുകയാണ്‌.

കാലാവധി 2026 സെപ്‌തംബർ 30 വരെയാണ്‌ നീട്ടുക.  ഇതോടെ ഇവയ്‌ക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ എടുക്കാനാകും. കോവിഡിനുപിന്നാലെ  സംസ്ഥാനത്ത്‌ സ്വകാര്യബസുകളുടെ രജിസ്‌ട്രേഷൻ കാലാവധി 22 വർഷമായി സർക്കാർ ഉയർത്തിയിരുന്നു.

കെഎസ്‌ആർടിസി സിഎംഡി പ്രമോജ്‌ ശങ്കറാണ്‌ കാലാവധി കഴിഞ്ഞ ബസുകളുടെ രജിസ്‌ട്രേഷൻ നീട്ടാനാവശ്യപ്പെട്ട്‌ കത്ത്‌ നൽകിയത്‌. നിലവിൽ സർവീസ്‌ നടത്തുന്ന ബസുകൾ നിരത്തിൽനിന്ന്‌ പിൻവലിക്കുന്നത്‌ യാത്രാപ്രതിസന്ധിയുണ്ടാക്കും. ഓർഡിനറി, ഫാസ്‌റ്റ്‌ പാസഞ്ചർ ബസുകളാണ്‌ ഈ നിരയിലുള്ളത്‌. പുതിയ ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌.
കേന്ദ്ര സർക്കാരാണ്‌ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക്​ കാലാവധി 15 വ​ർഷമായി നിശ്ചയിച്ചത്‌. ഇത്​ കഴിഞ്ഞാൽ  വാഹനങ്ങൾ പൊളിക്കണം. എട്ടുവർഷത്തിനിടെ 2089 കെഎസ്‌ആർടിസി ബസുകൾ​  പൊളിച്ചു​.  2023 മെയിൽ കാലാവധി കഴിഞ്ഞ 237 ബസുകളുടെ കാലാവധി രണ്ടുവർഷം നീട്ടിയിരുന്നു. ​സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്‌ നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top