21 November Thursday
യാത്രയിതര വരുമാനത്തിൽ ചരിത്രനേട്ടം

അഞ്ചുകോടിയിലേറെ വരുമാനം; കെഎസ്‌ആർടിസി 
കൊറിയർ സർവീസ്‌ കുതിക്കുന്നു

സ്വന്തം ലേഖകൻUpdated: Saturday Oct 5, 2024


കൊച്ചി
ടിക്കറ്റ്‌ വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്‌ആർടിസിക്ക്‌ ടിക്കറ്റിതര വരുമാനത്തിലൂടെ വൻ നേട്ടം. കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, പരസ്യവരുമാനം, സിനിമാഷൂട്ടിങ്‌, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ്‌ വരുമാനനേട്ടം. കഴിഞ്ഞവർഷം ജൂണിൽ കേവലം 20,000 രൂപയാണ്‌ കെഎസ്‌ആർടിസി കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ലഭിച്ചതെങ്കിൽ നിലവിൽ അഞ്ചുകോടിയിലേക്ക്‌ ഉയർന്നു. 2023 ആഗസ്‌തിൽമാത്രം 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലിൽ 43.31 ലക്ഷവും സെപ്‌തംബറിൽ 52.39 ലക്ഷവുമായി ഉയർന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയിൽ ദിവസം ശരാശരി 35,000 രൂപയുടെ ബിസിനസുണ്ട്‌. വൈറ്റിലയിലാണ്‌ കൊറിയർ സർവീസ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌. സംസ്ഥാനത്താകെ 15 മാസംകൊണ്ടാണ്‌ കൊറിയർ സർവീസിലൂടെ അഞ്ചുകോടിക്കുമുകളിൽ വരുമാനം ലഭിച്ചത്‌. 

കെഎസ്‌ആർടിസി ലോജിസ്റ്റിക്‌സ്‌ സർവീസിലൂടെ ചുരുങ്ങിയ ചെലവിലാണ്‌ ആവശ്യക്കാർക്ക്‌ സാധനങ്ങൾ എത്തിക്കുന്നത്‌. ഡിപ്പോയിൽ പാഴ്‌സൽ എത്തിച്ചാൽ 16 മണിക്കൂറിനകം അത്‌ ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്‌ആർടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നത്‌. സംസ്ഥാനത്തിനുപുറമെ തമിഴ്‌നാടിനെയും കോർത്തിണക്കി അവധിയില്ലാതെയാണ്‌ സർവീസ്‌.

കെഎസ്‌ആർടിസി സ്റ്റാൻഡുകളിലെയും ബസുകളിലെയും പരസ്യവരുമാനം റെക്കോഡിലാണ്‌. കഴിഞ്ഞ രണ്ടുവർഷം പരസ്യത്തിലൂടെ 30 കോടി രൂപ ലഭിച്ചു. സിനിമാചിത്രീകരണത്തിന്‌ സ്ഥലം നൽകിയതിൽ  രണ്ടുലക്ഷവും ഹില്ലി അക്വാ കുപ്പിവെള്ളവിതരണത്തിലൂടെ രണ്ടുമാസംകൊണ്ട്‌ ഒരുലക്ഷവും നേടി.

ബിസിനസ്‌ കൂടി; 
വേണം കൂടുതൽ
ജീവനക്കാർ
കെഎസ്‌ആർടിസിയുടെ കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ സർവീസ്‌ ജനം ഏറ്റെടുത്തതോടെ, വിതരണകേന്ദ്രമായ ഡിപ്പോകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നു. 24 മണിക്കൂറും അവധിയില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ഇത്‌ അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top