26 December Thursday

മേയർക്കും കുടുംബത്തിനുമെതിരായ അധിക്ഷേപം; ഹർജി തള്ളിയ വാർത്തയും വളച്ചൊടിച്ച്‌ മാധ്യമങ്ങൾ

സ്വന്തം ലേഖകൻUpdated: Friday Nov 1, 2024

തിരുവനന്തപുരം > മേയർക്കെതിരെ കെഎസ്‌ആർടിസി ഡ്രൈവറുടെ ഹർജി തള്ളിയ കോടതി വിധിയും വളച്ചൊടിച്ച്‌ മാധ്യമങ്ങൾ. മേയർ ആര്യ രാജേന്ദ്രനെയും സച്ചിൻദേവ്‌ എംഎൽഎയെയും ‘പ്രതികളാക്കി’ ആഴ്‌ചകളോളം ചർച്ച നടത്തിയ മാധ്യമങ്ങൾ ഹർജി തള്ളിയത്‌ അറിഞ്ഞ മട്ടില്ല. ഹർജി തള്ളിയത്‌ മറച്ചുവച്ച ഒരു പത്രം ‘പ്രതികൾക്ക്‌ വഴങ്ങാത്ത അന്വേഷണം വേണമെന്ന്‌ കോടതി’ എന്നാണ്‌ വാർത്ത നൽകിയത്‌. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നുമായിരുന്നു ഡ്രൈവർ യദുവിന്റെ ഹർജിയിലെ പ്രധാന ആവശ്യം. ഇത്‌ രണ്ടും കോടതി തള്ളി. വാർത്തയുടെ ആദ്യ ഖണ്ഡികയിൽപ്പോലും ഈ വിവരമില്ല.

ഇതുവരെയുള്ള പൊലീസ്‌ അന്വേഷണം തൃപ്‌തികരമാണെന്നും ശരിയായ ദിശയിലാണ്‌ മുന്നോട്ടുപോകുന്നതെന്നുമുള്ള കോടതി വിലയിരുത്തൽ പത്രം വായനക്കാരിൽനിന്ന്‌ മറച്ചുവച്ചു. അന്വേഷണം തൃപ്തികരമായി തുടർന്നും നടത്തണമെന്നാണ്‌ കോടതി ഉത്തരവിൽ പറയുന്നത്‌. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രദ്ധിക്കണമെന്ന പരാമർശത്തെയാണ്‌ പ്രതികൾക്ക്‌ വഴങ്ങാത്ത അന്വേഷണം വേണമെന്ന്‌ വളച്ചൊടിച്ചത്‌.

കുടുംബവുമൊത്ത്‌ സഞ്ചരിക്കുകയായിരുന്ന മേയറെയും എംഎൽഎയെയും അശ്ലീല ആംഗ്യം കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌ത യദുവിനെ ഇരയാക്കി മാധ്യമങ്ങൾ മാസങ്ങളായി നടത്തിയ ഗൂഢാലോചന കൂടിയാണ്‌ കോടതി വിധിയിലൂടെ പൊളിഞ്ഞത്‌. ഇതിന്റെ ജാള്യത മറച്ചുവയ്‌ക്കാൻ കൂടിയാണ്‌ കോടതി ഉത്തരവിനെപ്പോലും വളച്ചൊടിക്കാനുള്ള വ്യഗ്രത. ആഴ്‌ചകളോളം ഒന്നാം പേജിൽ വാർത്ത നൽകിയ പല പത്രങ്ങളും വാർത്ത ഉൾപ്പേജിൽ അപ്രധാനമായി ഒതുക്കി. സംഭവത്തിൽ ചർച്ചയും സംവാദങ്ങളും സംഘടിപ്പിച്ച ചാനലുകളാകട്ടെ വിഷയം അറിഞ്ഞമട്ടുപോലും നടിച്ചതുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top