06 November Wednesday

ആരോഗ്യം ഉറപ്പിച്ച്‌ കെഎസ്ആർടിസി; തുടക്കം തമ്പാനൂരിൽ

സ്വന്തം ലേഖികUpdated: Wednesday Nov 6, 2024

തമ്പാനൂർ ബസ് സ്റ്റേഷനിലെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത ശേഷം 
സന്ദർശിക്കുന്ന മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം > തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിലെ എമർജൻസി മെഡിക്കൽ യൂണിറ്റിന്റെ സേവനം യാത്രക്കാർക്കും ജീവനക്കാർക്കും മാത്രമല്ല ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോ ഡ്രൈവർമാർക്കും വ്യാപാരികൾക്കും  ഉപയോഗപ്പെടുത്താമെന്ന്‌ മന്ത്രി കെ ബി ഗണേഷ് കുമാർ. മെഡിക്കൽ യൂണിറ്റിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നഴ്‌സിങ്‌ ഓഫീസറുമുണ്ടാകും. മരുന്നുകളും സൗജന്യമാണ്‌. 
 
കെഎസ്ആർടിസിയും സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും നിംസ് മെഡിസിറ്റിയും ചേർന്നാണ്‌ മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്‌. ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌. ഇതിനായി സിഎസ്‌ആർ ഫണ്ട്‌ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലിന്‌ സമീപം സ്‌റ്റോപ്പ്‌ അനുവദിച്ച്‌ ഉത്തരവായിട്ടുണ്ട്‌. വൃത്തിയുള്ളതും നല്ല ഭക്ഷണം നൽകുന്നതുമായ സ്ഥാപനങ്ങളെയാണ്‌ തെരഞ്ഞെടുത്തത്‌. 
ഇവിടങ്ങളിൽ ബസ്‌ ജീവനക്കാർക്ക്‌ ഭക്ഷണം സൗജന്യമായിരിക്കും. നിലവിലുള്ള 93 ഡിപ്പോകളിൽ 83 ശതമാനവും ലാഭത്തിലോ ലാഭം/നഷ്‌ടം ഇല്ലാത്തതോ ആയ സാഹചര്യത്തിലാണ്‌. ഇത്‌ വലിയ മാറ്റമാണ്‌. അടുത്തിടെ ആരംഭിച്ച എ സി വിശ്രമമുറികളും വൻവിജയമാണ്‌. കോഴിക്കോട്‌ സ്റ്റാൻഡിലെ വിശ്രമമുറി ഒന്നരമാസത്തിൽ 1.5 ലക്ഷം രൂപയുടെ വരുമാനമുണ്ടാക്കി. 

ഡിജിറ്റൽ ലൈസൻസ്‌ സമർപ്പിക്കുന്നവരോട്‌ മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉടൻ ആർസി ബുക്കും ഡിജിറ്റലാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ പ്രസിഡന്റ്‌ ഡോ. ഷിജു സ്റ്റാൻലി അധ്യക്ഷനായി.കെഎസ്ആർടിസി ഇതിവൃത്തമാക്കി ജി വേണുഗോപാൽ ആലപിച്ച് കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ  ബൈജു ഇരിങ്ങല്ലൂർ രചനയും സംഗീതവും നിർവഹിച്ച് കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ദൃശ്യാവിഷ്‌കാരം നടത്തിയ ഗാനത്തിന്റെയും റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള അവബോധം സൃഷ്ടിക്കാൻ തലശേരി യൂണിറ്റ് നിർമിച്ച "ഡബിൾ ബെൽ' എന്ന ഹ്രസ്വ ചിത്രത്തിന്റെയും പ്രകാശനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. കെഎസ്‌ആർടിസി സിഎംഡി പ്രമോജ്‌ ശങ്കർ, എം എസ്‌ ഫൈസൽ ഖാൻ, ഡോ. ആശിഷ്‌ സലിം തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top