കൊച്ചി > കെഎസ്ആർടിസി അഭിമുഖീകരിക്കുന്ന പ്രതിസന്ധി സംബന്ധിച്ച് വിശദീകരണം നൽകാൻഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ചോദ്യം ചെയ്‌ത് മൂന്ന് ഡ്രൈവർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്. കെഎസ്ആർടിസി പൊതുജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രാഥമിക ലക്ഷ്യം ലാഭമല്ലെന്നും കോർപ്പറേഷൻ അറിയിച്ചത് രേഖപ്പെടുത്തിയ ശേഷമാണ് കോടതി സർക്കാരിൻ്റെ നിലപാട് തേടിയത്.
വിഷയം അടിയന്തര പ്രാധാന്യമുള്ളതാണെന്നും കോടതി വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം ദിവസങ്ങളോളം മുടങ്ങുന്നുണ്ടങ്കിൽ അത് ഗൗരവമുള്ളതാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇത് ഗൗരവത്തിലെടുക്കണം. ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കും ശമ്പളം കൃത്യമായി ലഭിക്കുന്നണ്ടെന്നും മറ്റ് ജീവനോപാധികളില്ലാത്ത സാധാരണ ജീവനക്കാർക്ക് വേതനം കൃത്യസമയത്ത് നൽകുന്നതിൽ അനാസ്ഥ കാണിക്കുന്നതായി പരാതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാരെ ഒരുപോലെ കാണണമെന്നും ഓഫീസർമാർക്കും സൂപ്പർവൈസർമാർക്കും ശമ്പളം നൽകുന്നത് തടയണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി രേഖപ്പെടുത്തി. പരാതിയിൽ ന്യായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യമെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി. കേസ് ഒരാഴ്‌ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..