കൊച്ചി
‘‘ഡ്രൈവറും കണ്ടക്ടറുമാണ് ധൈര്യംപകർന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്‌തു. ബസ് കത്തുന്നതുകണ്ട് ആകെ വല്ലാതായി. ആർക്കും അപകടമൊന്നും പറ്റിയില്ല. മഹാഭാഗ്യം’’–-കെഎസ്‌ആർടിസി ബസിലെ തീപിടിത്തത്തെക്കുറിച്ച് പറയുമ്പോൾ മൂവാറ്റുപുഴ സ്വദേശി മാജിത ഇബ്രാഹിമിൽനിന്ന് ഭീതി ഒഴിഞ്ഞിരുന്നില്ല. ബസിലെ യാത്രക്കാരിയായിരുന്നു മാജിത.
ഭർത്താവിന്റെ കണ്ണുചികിത്സയ്ക്കായി എറണാകുളത്ത് വന്നതാണ്. ഡോക്ടറെ കണ്ട് ഭർത്താവും മകളുമൊത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ബസിന് തീപിടിച്ചതോടെ ഭീതിയുടെ മുൾമുനയിലായി ഇയ്യാട്ടിൽമുക്ക്. പുകച്ചുരുളുകൾ പ്രദേശത്തെ വിഴുങ്ങി. തീയാളിക്കത്തിയതോടെ ആശങ്ക ഇരട്ടിയായി. ബാങ്കും കടകളും നിരവധിയുണ്ടിവിടെ. വാഹനങ്ങളും പാർക്ക് ചെയ്‌തിരുന്നു. ബസിന്റെ ഇന്ധന ടാങ്കിലേക്ക് തീപടർന്നിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. എന്നാൽ, അഗ്നി രക്ഷാസേനയുടെ മികച്ച രക്ഷാപ്രവർത്തനത്തിലൂടെ അതിവേഗം തീയണയ്‌ക്കാനായി. ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ച് മറ്റുവഴികളിലൂടെ തിരിച്ചുവിടുകയായിരുന്നു.
പുക ഉയരുന്നത് കണ്ടു, കട അടച്ചു
‘‘റബർ കത്തുന്നപോലുള്ള മണം അടിച്ചു. നോക്കിയപ്പോൾ ബസിന്റെ പിന്നിൽനിന്ന് പുക വരുന്നതാണ് കണ്ടത്’’–-ഇയ്യാട്ടിൽ മുക്കിൽ മെഡിക്കൽഷോപ് നടത്തുന്ന സുനിൽകുമാറിന്റെയും കൃഷ്‌ണകുമാരിയുടെയും മുഖത്ത് ഭീതി ഒഴിഞ്ഞിരുന്നില്ല. ഇവരുടെ ഷോപ്പിന് സമീപത്തായിരുന്നു സംഭവം.‘‘തീ ആളിക്കത്തിയതോടെ ഞങ്ങൾ കടയുടെ മെയിൻസ്വിച്ച് ഓഫ് ചെയ്‌തു. ഉടൻ കടയടച്ച് അകലേക്ക് മാറിനിന്നു. ഡ്രൈവറും കണ്ടക്ടറും നല്ല സ്‌മാർട്ടായിരുന്നു. അവർ വളരെ പെട്ടെന്ന് യാത്രക്കാരെ ഇറക്കി സുരക്ഷിതമായി മാറ്റി. അഗ്നി രക്ഷാസേനയെത്തി തീയണച്ചശേഷമാണ് ഞങ്ങൾ കട തുറന്നത്. ഞങ്ങളുടെ മാത്രമല്ല, സമീപത്തെ മുഴുവൻ കടകളും ഈ സമയം അടച്ചു. എന്ത് സംഭവിക്കുമെന്ന് അറിയില്ലല്ലോ’’–-ഇരുവരും പറഞ്ഞു.
ഹോൺ കേട്ട് പുറത്തിറങ്ങി, അഗ്നി രക്ഷാസേനയെ വിളിച്ചു
‘‘ബൈക്കിന്റെ തുടർച്ചയായുള്ള ഹോൺ കേട്ടാണ് കടയിൽനിന്ന് പുറത്തിറങ്ങിയത്. കെഎസ്‌ആർടിസിയെ മറികടന്ന് മുന്നിലെത്തിയ ബൈക്ക് കുറുകെനിർത്തി ഓടിച്ചിരുന്നയാൾ എന്തോ പറയുന്നത് കണ്ടു. പിന്നാലെ അതിവേഗം ഓടിച്ചുപോയി. ഉടൻ റോഡരികിലേക്ക് ചേർത്തുനിർത്തിയ ബസിന് പിന്നിൽനിന്ന് തീ ഉയരുന്നത് കണ്ടു. അതോടെ ഞാൻ അഗ്നി രക്ഷാസേനയെ വിളിച്ചു’’–-ഇയ്യാട്ടിൽ ജങ്‌ഷനിലെ ജ്യൂസ്‌ഷോപ്പിലെ മുഹമ്മദ് സിനാന് തന്നാലാകുംവിധം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായതിന്റെ സംതൃപ്‌തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..