തിരുവനന്തപുരം
കന്യാകുമാരിയിൽ എത്തിയാൽ സൂര്യോദയവും അസ്‌തമയവും കാണണം. എത്ര കണ്ടാലും വീണ്ടും വീണ്ടും അതാഗ്രഹിക്കുന്ന സഞ്ചാരികൾക്കായി മിന്നൽ സർവീസെത്തുന്നു. പാലക്കാട് നിന്നാണ് കന്യാകുമാരി സർവീസ് കെഎസ്‌ആർടിസി ആരംഭിക്കുന്നത്. വൈകിട്ട് പാലക്കാട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ അഞ്ചിനും ആറിനുമിടയിൽ കന്യാകുമാരിയിൽ എത്തും. രാത്രി ഏഴിനുശേഷം കന്യാകുമാരിയിൽനിന്ന് തിരിച്ചുള്ള ബസ് പുറപ്പെടും. പുതുതായി ആരംഭിക്കുന്ന എട്ട് മിന്നൽ സർവീസിൽ ഒന്നാണിത്. പരിമിത സ്‌റ്റോപ്പാണ്. സെപ്‌തംബർ രണ്ടാംവാരത്തിൽ സർവീസ് ആരംഭിക്കും. ബസുകൾ നവീകരിച്ചുതുടങ്ങി.
വൈകിട്ട് 4.05 ന് തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് സർവീസ് ഉണ്ടാകും. വന്ദേഭാരത് എക്‌സ്‌പ്രസിന് ടിക്കറ്റ് കിട്ടാത്തവർക്ക് ഇത് ആശ്വാസമാകും. രാവിലെ അഞ്ചിന് മുമ്പ് മംഗളൂരുവിൽ ബസ് എത്തും. ദേശീയപാതയുടെ നിർമാണം പൂർത്തിയായാൽ റണ്ണിങ് സമയം രണ്ട് മുതൽ മൂന്നുമണിക്കൂർ വരെ കുറയും. തിരിച്ചുള്ള സർവീസ് വൈകിട്ട് പുറപ്പെടും. കാസർകോട്–-കോയമ്പത്തൂർ, തിരുവനന്തപുരം–-മൈസൂരു, പാലക്കാട്–-മൂകാംബിക, തിരുവനന്തപുരം –-കോയമ്പത്തൂർ, തിരുവനന്തപുരം–-സുൽത്താൻ ബത്തേരി എന്നീ റൂട്ടുകളിലും സർവീസ് ആരംഭിക്കും. നിലവിൽ 23 മിന്നൽ സർവീസാണ് കെഎസ്‌ആർടിസിയ്‌ക്കുള്ളത്. കൂടുതൽ സ്‌റ്റോപ്പുകളുള്ള സൂപ്പർ ഡീലക്‌സ് സർവീസ് അടുത്തമാസം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..