ആറ്റിങ്ങൽ > കെഎസ്ആർടിസി ബസ് സർവീസ് അട്ടിമറിക്കാനുള്ള സ്വകാര്യ ബസ് ശ്രമത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. സ്വകാര്യബസ് തടഞ്ഞു. അയിലം- ആറ്റിങ്ങൽ- മെഡിക്കൽകോളേജ് വഴി തിരുവനന്തപുരത്തേക്ക് കഴിഞ്ഞ മാസം മുതൽ പുനരാരംഭിച്ച കെഎസ്ആർടിസി ബസ് സർവീസ് അട്ടിമറിക്കാനാണ് ആറ്റിങ്ങൽ- അയിലം റൂട്ടിൽ ഓടുന്ന "തിരുവാതിര' ബസ് ജീവനക്കാർ ശ്രമിച്ചത്. തുടർന്ന് നാട്ടുകാർ തച്ചൂർക്കുന്നിൽ തിരുവാതിര ബസ് തടഞ്ഞ് പ്രതിഷേധിച്ചു.
കോവിഡ് കാരണം ഈ റൂട്ടിലുണ്ടായ സാമ്പത്തിക നഷ്ടം കാരണം കെഎസ്ആർടിസി സർവീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ പ്രദേശവാസികൾ ഒപ്പ് ശേഖരണം നടത്തി ഒ എസ് അംബിക എംഎൽഎയ്‌ക്കും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കും നിവേദനം കൈമാറി. തുടർന്നാണ് കഴിഞ്ഞ മാസം ബസ് റൂട്ട് പുനഃസ്ഥാപിച്ചത്.
രാവിലെ 6.40ന് ആറ്റിങ്ങലിൽനിന്ന് അയിലത്തേക്കും തിരിച്ച് 7.15ന് അയിലത്ത് നിന്ന് ആറ്റിങ്ങൽ മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കുമായിരുന്നു സർവീസ്. എന്നാൽ കഴിഞ്ഞ മാസം ആറ്റിങ്ങൽ ആർ ടി ഒ ഓഫീസിൽനിന്ന് ആറ്റിങ്ങൽ- അയിലം റൂട്ടിൽ സ്വകാര്യ ബസിന് അനുമതി ലഭിച്ചു. തിരുവാതിര എന്ന ബസ് സർവീസ് ആരംഭിക്കുകയും ചെയ്തു. ആറ്റിങ്ങലിൽനിന്നും രാവിലെ 6.20 ന് സർവീസ് ആരംഭിച്ച് അയിലത്ത് എത്തി തിരിച്ച് 7.25 ന് ആറ്റിങ്ങലിലേക്കാണ് സർവീസ്. എന്നാൽ കെഎസ്ആർടിസിക്ക് അനുവദിച്ച സമയത്തിന് മുൻപായി സ്വകാര്യ ബസ് സർവീസ് നടത്തിയതിൽ വലിയ പ്രതിഷേധമുയർന്നു. ഇത് സ്ഥിരമായതോടെയാണ് നാട്ടുകാർ സംഘടിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ മുൻ നഗരസഭാ ചെയർമാൻ എം പ്രദീപിന്റെ നേതൃത്വത്തിൽ ബസ് ജീവനക്കാരോട് അവർക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് സർവീസ് നടത്തണമെന്ന് ആവശ്യപ്പെടുകയും ബസിന്റെ ഉടമയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഉടമ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. ആർടിഒക്ക് പരാതി നൽകുമെന്ന് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ട്രാഫിക് ഇൻസ്പെക്ടർ സുധീറുദ്ദീൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..