തിരുവനന്തപുരം
കെഎസ്‌ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി യൂണിഫോം. രണ്ടുമാസത്തിനകം യൂണിഫോം വിതരണം പൂർത്തിയാക്കും. നിലവിലെ ആകാശ നീല ഷർട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്സും ഷർട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് യൂണിഫോം മാറ്റുന്നത്. ഇരുപതിനായിരത്തിലേറെ ജീവനക്കാർക്ക് യൂണിഫോം നൽകും. വർഷങ്ങൾക്കു ശേഷമാണ് പഴയ കാക്കി യൂണിഫോമിലേക്ക് തിരിച്ചുവരുന്നത്.
രണ്ടുജോടി യൂണിഫോം ജീവനക്കാർക്ക് സൗജന്യമായി നൽകും. മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവർഷത്തിനിടെ ഇതാദ്യമായാണ് സൗജന്യമായി കെഎസ്‌ആർടിസി യൂണിഫോം നൽകുന്നത്. ഇതിനായി മൂന്നുകോടി രൂപയാണ് ചെലവ്. നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷനിൽനിന്നാണ് യൂണിഫോമിനുള്ള തുണി എടുക്കുന്നത്.
ഇതിനുള്ള ടെൻഡർ നടപടിയായി. പൊലീസ് യൂണിഫോമിനുള്ള ഗുണനിലവാരത്തിലുള്ളതാണ് തുണി. കെഎസ്‌ആർടിസി സ്വിഫ്‌റ്റിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇളം ഓറഞ്ച് ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്‌സും തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..