19 September Thursday

വോട്ടെണ്ണല്‍‌ നിര്‍ത്തിച്ച് കെഎസ്യുവിന്റെ ആക്രമണം ; കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തടസ്സപ്പെടുത്തിയ കെഎസ് യു പ്രവർത്തകർ കൗണ്ടിങ് ടേബിൾ എടുത്തെറിയുന്നു


തിരുവനന്തപുരം
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സെനറ്റ് തെരഞ്ഞെടുപ്പിലും പരാജയം ഭയന്ന് ആക്രമണം അഴിച്ചുവിട്ട് കെഎസ്-യു. ആക്രമണത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്ന നാല് ജീവനക്കാർക്കും പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. അറസ്റ്റ് ചെയ്ത് നീക്കിയ അക്രമികളെ പാളയത്ത് വച്ച് കോൺ​ഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുനിർത്തി മോചിപ്പിച്ചു. സെനറ്റിൽ വിജയിക്കില്ലെന്ന്  ഉറപ്പായതോടെയാണ് കെഎസ്യു ആക്രമണം. വോട്ടെണ്ണൽ രീതിയനുസരിച്ച് വനിതാസംവരണ സീറ്റുകൾ ആദ്യം എണ്ണണം എന്ന് എസ്എഫ്ഐ ഉന്നയിച്ചു. ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കെഎസ്-യു പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃ-ത്വത്തിൽ 16 ബാലറ്റ് പേപ്പർ വലിച്ചുകീറി. ഇതോടെ വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ചതായും തെരഞ്ഞെടുപ്പ് റദ്ദാക്കിയതായും രജിസ്ട്രാർ അറിയിച്ചു.

യൂണിവേഴ്സിറ്റി ജീവനക്കാരായ എസ് കിരൺ, മനു സതീഷ്, അരവിന്ദ് എസ് പപ്പു എന്നിവർക്കാണ് പരിക്കേറ്റത്. സെക്ഷൻ ഓഫീസറായ നിമിഷ ഇബ്രാഹിമിനെ കെഎസ്-യു പ്രവർത്തകർ‌ കൈയേറ്റം ചെയ്തു. വോട്ടെണ്ണലിനിടെ ഇടിവളയൂരി അടിക്കാൻ തയ്യാറെടുക്കുന്ന കെഎസ്-യു നേതാവിന്റെ ദൃശ്യമടക്കം ചേർത്ത് ജീവനക്കാർ പൊലീസിൽ പരാതി നൽകി. സെനറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്ന ലക്ഷ്യത്തിലാണ് കെഎസ്-യു മനപ്പൂർവം സംഘർഷമുണ്ടാക്കിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കെഎസ്-യു ആക്രമണം പ്രതിഷേധാർഹമാണെന്ന് കേരള സർവകലാശാല എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ സന്തോഷ്‌ ജി നായരും സെക്രട്ടറി എ എസ് സജിത്ത് ഖാനും അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കെഎസ്-യു ആക്രമണം നടത്തിയത്. ഓഫീസ് രേഖകളും ബാലറ്റ് പേപ്പറും വലിച്ചുകീറി. വനിതാ ജീവനക്കാരെയടക്കം മർദിച്ചതിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. വ്യാഴാഴ്ച കേരള സർവകലാശാല എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാര്യവട്ടം ക്യാമ്പസിലും പാളയത്തെ സർവകലാശാല ആസ്ഥാനത്തും പ്രതിഷേധം സംഘടിപ്പിക്കും.

സെനറ്റ് തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയതിനും ജീവനക്കാരെ കൈയേറ്റം ചെയ്തതിനും എതിരെ സർവകലാശാല രജിസ്ട്രാർ പൊലീസ് മേധാവിക്ക് പരാതി നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top