22 December Sunday

അൻവറിനൊപ്പമല്ല, 
സിപിഐ എമ്മിനൊപ്പം : 
കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


മലപ്പുറം
സർക്കാരിനും പാർടിക്കുമെതിരെ പ്രവർത്തിക്കുന്ന പി വി അൻവറിനൊപ്പം താനുണ്ടാകില്ലെന്ന്‌ കെ ടി ജലീൽ എംഎൽഎ. ഇടതുപക്ഷം വിടേണ്ട രാഷ്‌ട്രീയ സാഹചര്യമില്ലെന്നും മരിക്കുംവരെ  സിപിഐ എം സഹയാത്രികനായി തുടരുമെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊലീസിൽ സംഘപരിവാർ സ്വാധീനം മുമ്പും ഉണ്ട്‌. ബിജെപിയിൽ ചേർന്ന സെൻകുമാറിനെ ഡിജിപിയാക്കാൻ ശക്തമായിനിന്നത്‌ ആരാണെന്ന്‌ നമുക്കറിയാം. ഇടതുപക്ഷം വിയോജിപ്പ്‌ അറിയിച്ചിട്ടും അദ്ദേഹത്തിനുവേണ്ടി സുപ്രീംകോടതിയിൽ പോയത്‌ ആരാണെന്നും ആ കേസിൽ ഇടനിലനിന്ന പാർടി  ഏതാണെന്നും എല്ലാവർക്കുമറിയാം. അദ്ദേഹത്തെ ഡിജിപിയാക്കിയതുകൊണ്ട്‌ കോൺഗ്രസിനും ലീഗിനും എന്ത്‌ നേട്ടമാണുണ്ടായത്‌. അന്നുമുതലാണ്‌ പൊലീസിൽ സംഘിവൽക്കരണം തുടങ്ങിയത്‌. ആ കാൻസറിനെ വെട്ടിമാറ്റി മുന്നോട്ടുപോകണം. അതുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. വർഗീയമനോഭാവത്തെ ഒരുതരത്തിലും അംഗീകരിക്കുന്ന സർക്കാരല്ലിത്‌. തെറ്റുചെയ്‌ത നൂറിലധികം പൊലീസുകാരെ സേനയിൽനിന്ന് പിരിച്ചുവിട്ട സർക്കാരാണ്. അൻവർ മലപ്പുറത്തെ പൊലീസ്‌ ഇടപെടലിനെക്കുറിച്ച്‌ പറഞ്ഞ ചില കാര്യങ്ങളോട്‌ യോജിപ്പുണ്ട്‌. എന്നാൽ കേരളത്തിലെ മൊത്തം പൊലീസിനെക്കുറിച്ച്‌ ആ അഭിപ്രായമില്ല. അൻവർ ഉന്നയിച്ച വിഷയങ്ങളിലെല്ലാം അന്വേഷണത്തിന്‌ സർക്കാർ നടപടി സ്വീകരിച്ചു. മലപ്പുറം മുൻ എസ്‌പി എസ്‌ സുജിത്‌ ദാസിനെ സസ്‌പെൻഡ്‌ ചെയ്‌തു. എസ്‌പി എസ്‌ ശശിധരനെ സ്ഥലംമാറ്റി. എഡിജിപിക്കെതിരെ അന്വേഷണം നടക്കുന്നു.

വരവിൽകവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച പരാതിയിലും അന്വേഷണം നടക്കുകയാണ്‌. അന്വേഷണ റിപ്പോർട്ടുകൾ വരുന്നതുവരെ കാത്തിരിക്കണമെന്ന്‌ അൻവറിനോട്‌ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത്‌ സമ്മതിച്ചതുമാണ്‌. ഒരുഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്‌ കൈവിട്ടു. അൻവർ ഉന്നയിച്ച പല കാര്യങ്ങളോടും ശക്തമായ വിയോജിപ്പുണ്ട്‌.

സിപിഐ എം ജില്ലാ സെക്രട്ടറിയെ ആർഎസ്‌എസുകാരനായി ചിത്രീകരിച്ചത്‌ ശരിയല്ല. എതിരാളികൾപോലും ഉന്നയിക്കാത്ത ആക്ഷേപമാണത്‌. 
പി ശശി ആർഎസ്‌എസുമായി സഹകരിക്കുന്നുവെന്ന അഭിപ്രായവും തനിക്കില്ല. അൻവറിനുപിന്നിൽ ജമാഅത്തെ ഇസ്ലാമിയും  എസ്‌ഡിപിഐയും ഉൾപ്പെടെ മതമൗലികവാദ സംഘടനകളാണെന്ന്‌ പാർടി പറയുന്നത്‌ കൃത്യമായ അന്വേഷിച്ചിട്ടാകും. വെടിവച്ചുകൊന്നാൽപ്പോലും സിപിഐ എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കില്ല. അൻവറിനെതിരെ പ്രസംഗിക്കാൻ സിപിഐ എം വിളിച്ചാൽ പോകും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കും. എന്നാൽ, രാഷ്ട്രീയപ്രവർത്തനവും പൊതുപ്രവർത്തനവും തുടരുമെന്നും ജലീൽ പറഞ്ഞു.

മുഖ്യമന്ത്രിയെ സംഘപരിവാർ
 ചാപ്പകുത്താൻ അനുവദിക്കില്ല
മുഖ്യമന്ത്രി പിണറായി വിജയനെ സംഘപരിവാർ ചാപ്പകുത്താൻ അനുവദിക്കില്ലെന്ന്‌ കെ ടി ജലീൽ എംഎൽഎ. ബിജെപിക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നതിൽ മുന്നിൽനിൽക്കുന്ന നേതാവാണ്‌ മുഖ്യമന്ത്രിയെന്ന് ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തെ സംഘപരിവാറാക്കാൻ എല്ലാ മതവിഭാഗങ്ങളിലെയും തീവ്രസ്വഭാവമുള്ളവർ   ഒരുമിച്ച്‌ പ്രചണ്ഡമായ പ്രചാരവേലകൾ നടത്തുന്നു. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തെയും ഇടതുപക്ഷ അനുകൂലികളെയും ബിജെപി ഏജന്റാക്കി സമൂഹമധ്യത്തിൽ താറടിച്ചുകാണിച്ചാൽ പിന്നെ ആരെയാണ്‌ ഇവർ ഫാസിസ്‌റ്റ്‌ വിരുദ്ധർ എന്ന ലേബലിൽ നിർത്തുക. വേറെ ഏത്‌ പാർടിയെ, ഏത്‌ നേതാവിനെയാണ്‌ മുന്നിൽനിർത്തുക. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം എൽഡിഎഫും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാടുകൾ എല്ലാവർക്കുമറിയാം. അതിനെയൊക്കെ വിസ്‌മരിച്ച്‌ കേരളത്തിൽ നിലനിൽക്കുന്ന ഫാസിസ്‌റ്റ്‌ വിരുദ്ധ മനോഭാവത്തെ ദുർബലമാക്കാൻ വലിയ ഇടപെടലുകൾ നടക്കുന്നതിന്റെ ഉദാഹരണമായേ ഈ പ്രചാരവേലയെ കാണാനാവൂ. സിപിഐ എമ്മിനെയും  ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയില്ല. അങ്ങനെ വന്നാൽ ഒരു ജനവിഭാഗത്തെ മുഴുവൻ എക്കാലത്തേക്കുമായി സംശയത്തിന്റെ നിഴലിൽ നിർത്താൻ മാത്രമേ അത്‌ ഉപകരിക്കൂ. അത്‌ വലിയ വർഗീയധ്രുവീകരണത്തിലേക്ക്‌ നയിക്കും’’–- ജലീൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top