തൃശൂർ
ഓണാഘോഷത്തിന് രുചി പകരാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്‌സും ശർക്കര വരട്ടിയും പുറത്തിറക്കി. ‘ഫ്രഷ് ബൈറ്റ്‌സ്' എന്ന പേരിൽ ബ്രാൻഡ് ചെയ്ത് പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കൽ വെഡിങ് വില്ലേജിൽ മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. മന്ത്രി കെ രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, കുടുംബശ്രീ സംസ്ഥാന മിഷൻ നോൺ ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം ഓഫീസർ എ എസ് ശ്രീകാന്ത്, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് ബസന്ത്‌ലാൽ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്‌ണദാസ്, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ ടി എം റജീന, സത്യഭാമ വിജയൻ, റെജുല കൃഷ്ണകുമാർ, കെ എൻ ഓമന, സ്മിത സത്യദേവ്, ഡോ. എസ് ഷാനവാസ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകരെ ഭാഗമാക്കിയാണ് ഫ്രഷ് ബൈറ്റ്‌സ് പ്രവർത്തിക്കുന്നത്. 2024-–-25 വർഷത്തിൽ മൂന്ന് ലക്ഷം ഉപജീവന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണിത്. എല്ലാ ജില്ലകളിലെയും മികച്ച ചിപ്പ്‌സ്, ശർക്കര വരട്ടി ഉൽപാദന യൂണിറ്റുകളെ കണ്ടെത്തി കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.
കുടുംബശ്രീ ഉൽപ്പന്നം
ബ്രാൻഡുകളെ വെല്ലുന്നത്: മന്ത്രി എം ബി രാജേഷ്
കോർപറേറ്റ് ബ്രാൻഡുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ ഉൽപ്പന്നം വിപണിയിൽ എത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ഇതിനായി മികച്ച ഗുണനിലവാരത്തോടെയുള്ള ഉൽപാദനം, പാക്കിങ് എന്നിവയിൽ ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തും. ഓണാഘോഷത്തിൽ ഫ്രഷ് ബൈറ്റ്‌സിലൂടെ മുദ്രയും രുചിയും പതിച്ചിരിക്കുകയാണ്.
ജനകീയ ഹോട്ടൽ പദ്ധതി മുഖേന മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിക്ക് സർക്കാർ സബ്‌സിഡി തുക പൂർണമായും നൽകി. ഒരു ജനകീയ ഹോട്ടലിന് 16 ലക്ഷം രൂപ സർക്കാർ സഹായം നൽകി. കുടുംബശ്രീ പ്രീമിയം ഹോട്ടലും ലഞ്ച് ബെലും ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..