21 December Saturday

വയനാടിനായി കുടുംബശ്രീയുടെ "ഞങ്ങളുമുണ്ട്‌ കൂടെ'; കൊല്ലം ജില്ലയിൽ നിന്ന് നൽകിയത് 2.21 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊല്ലം > വയനാട് ഒറ്റപ്പെടില്ല, ഞങ്ങളുമുണ്ട് കൂടെ എന്നുറക്കെ പ്രഖ്യാപിച്ച് കൊല്ലം ജില്ലയിലെ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 2.21 കോടി രൂപ. അയൽക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹ സംവിധാനങ്ങൾ എന്നിവരിൽനിന്ന് 2,21,56,982 രൂപയാണ് വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്. ഉരുൾപൊട്ടലിൽ സർവനാശം സംഭവിച്ച വയനാട് ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങാകാനാണ്‌ ഞങ്ങളുമുണ്ട് കൂടെ ക്യാമ്പയിൻ നടത്തിയത്‌. 68 ഗ്രാമ സിഡിഎസുകൾ 1.68 കോടിയും നാലു മുനിസിപ്പാലിറ്റി സിഡിഎസുകൾ 14.24 ലക്ഷവും രണ്ടു കോർപറേഷൻ സിഡിഎസുകൾ 21.89 ലക്ഷവും കമ്യൂണിറ്റി ഫണ്ട്‌ 23ലക്ഷവും വയനാടിനായി നൽകി.

കൊട്ടാരക്കര ബ്ലോക്ക്‌ സ്വരാജ് പുരസ്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന് ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ആർ വിമൽചന്ദ്രൻ ചെക്ക് കൈമാറി. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്, കുടുംബശ്രീ എഡിഎംസി അനീസ, ജില്ലാ പ്രോഗ്രാം മാനേജർ ആതിര ബാനു എന്നിവർ പങ്കെടുത്തു.

മുന്നിൽ കുലശേഖരപുരം

5.9 ലക്ഷം സമാഹരിച്ച കുലശേഖരപുരമാണ് കൂടുതൽ തുക സമാഹരിച്ച ഗ്രാമ സിഡിഎസ്. രണ്ടാം സ്ഥാനത്ത് ആലപ്പാട്– അഞ്ചുലക്ഷം. 12,34,630 രൂപ സമാഹരിച്ച കൊല്ലം സിഡിഎസാണ് കോർപറേഷൻ സിഡിഎസുകളിൽ കൂടുതൽ തുക കണ്ടെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കോർപറേഷൻ സിഡിഎസ് കൊല്ലം ഈസ്റ്റാണ്. 9,34,420 രൂപയാണ് സമാഹരിച്ചത്. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളിയാണ് മുന്നിൽ–- ആറുലക്ഷം.  

 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ കുടുംബശ്രീ സമാഹരിച്ച 2.21 കോടിയുടെ ചെക്ക് ധനമന്ത്രി കെ എൻ ബാലഗോപാലിന് ജില്ലാ കോ–- ഓർഡിനേറ്റർ ആർ വിമൽചന്ദ്രൻ കൈമാറുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top