23 November Saturday

ഒപ്പമുണ്ട് കുടുംബശ്രീ; ‘കെ ഫോർ കെയർ’

സ്വന്തം ലേഖകൻUpdated: Monday Aug 5, 2024
കൊല്ലം > സമൂഹത്തിൽ വിവിധങ്ങളായ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ ഒപ്പം ചേർത്തുനിർത്തി കൈത്താങ്ങാകാൻ കുടുംബശ്രീ ആരംഭിച്ച സാന്ത്വന പരിചരണ പദ്ധതിയായ ‘കെ ഫോർ കെയർ' ശ്രദ്ധനേടുന്നു. സേവനം ആവശ്യപ്പെട്ട് ജില്ലാതല കോൾ സെന്റർ വഴിയെത്തുന്ന ആവശ്യക്കാർ ഏറെയാണ്‌. കുടുംബശ്രി 2019ൽ വയോജന പരിചരണത്തിനായി തുടങ്ങിയ ഹർഷം പദ്ധതിക്ക് ബദലായാണ് ‘കെ ഫോർ കെയർ’ ജൂണിൽ ജില്ലയിൽ തുടങ്ങിയത്‌. വയോജന –-ശിശു–-രോഗീപരിചരണം, പ്രസവശുശ്രൂഷ, ഭിന്നശേഷി പരിപാലനം എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്‌. വിദേശത്ത്‌ ജോലിചെയ്യുന്നവരുടെ നാട്ടിൽ സംരക്ഷിക്കാൻ ആളില്ലാതെ കഴിയുന്ന രക്ഷാകർത്താക്കൾക്ക്‌ ഉൾപ്പെടെ പദ്ധതി ആശ്വാസമാകും. 
 
പരിചരണ പ്രവർത്തകർക്കായി ആരംഭിച്ച രണ്ടാംഘട്ട പരിശീലനത്തിൽ 27 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ 30 പേരടങ്ങുന്ന സംഘം പ്രത്യേക പരിശീലനം നേടിയിരുന്നു. പർപ്പിൾ നിറത്തിലുള്ള ടോപ്പും കറുത്ത പാന്റ്‌സുമാണ്‌ ഇവരുടെ യൂണിഫോം. ആരോഗ്യകരമായ ജീവിതം, വ്യക്തി ശുചിത്വം, രോഗിയുടെ അവകാശങ്ങൾ, അണുബാധ നിയന്ത്രണം, നേത്ര സംരക്ഷണം, മുറിവുകൾ എങ്ങനെ പരിചരിക്കണം, കത്തീഡ്രൽ കെയർ, ഫിസിയോതെറാപ്പി, ഇൻസുലിൻ കുത്തിവയ്‌പ്‌, പേഷ്യന്റ് ട്രാൻസ്‌ഫറിങ്, സ്വയം പ്രതിരോധ മാർഗങ്ങൾ തുടങ്ങി 31 വിഷയത്തിലാണ് എക്‌സിക്യൂട്ടീവുകൾക്ക് പരിശീലനം നൽകുന്നത്. കെ ഫോർ കെയർ സേവനം ലഭ്യമാക്കാൻ കുടുംബശ്രീ വെബ്‌സൈറ്റിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. മണിക്കൂർ, ദിവസം, മാസം അടിസ്ഥാനത്തിലാണ്‌ സേവനം. പരിചരിക്കാനെത്തുന്നവർക്ക്‌ ഭക്ഷണം, വിശ്രമത്തിന് സുരക്ഷിതമായ സ്ഥലം, മറ്റ് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ വീട്ടുകാർ ഉറപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top