23 December Monday

കുടുംബശ്രീ "കനസ്‌ ജാഗ' ഹ്രസ്വചിത്രമേളയ്‌ക്ക്‌ തുടക്കം

സ്വന്തം ലേഖികUpdated: Sunday Oct 27, 2024

കൊച്ചി > തദ്ദേശീയമേഖലയിലെ നേർക്കാഴ്ചകൾ ഒപ്പിയെടുത്ത ഹ്രസ്വചിത്രങ്ങളുമായി കുടുംബശ്രീ "കനസ് ജാഗ'ചലച്ചിത്രോത്സവത്തിന് തുടക്കം. എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിൽ തുടങ്ങിയ പട്ടികവർഗമേഖലയിലെ കുട്ടികൾക്കായുള്ള ഹ്രസ്വ ചലച്ചിത്രമേളയുടെ ആദ്യദിനം മികവാർന്ന പ്രമേയങ്ങളുടെ ദൃശ്യാവിഷ്കാരംകൊണ്ട്‌ ശ്രദ്ധേയമായി. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌ മേള ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. ഞായർ പകൽ 2.30ന്‌ മേളയുടെ സമാപനസമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും.

ശിരുവാണി, ഭവാനി, സൈരന്ധ്രി എന്നീ വേദികളിലായാണ്‌ 100 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്‌. സൈബർ സാങ്കേതികവിദ്യ, സംസ്‌കൃതി, പൈതൃകം, മാനുഷികമൂല്യങ്ങൾ, ഭക്ഷണവും പോഷണവും ആരോഗ്യവും, ലഹരി, പ്രകൃതിയും പ്രകൃതിദുരന്തങ്ങളും എന്നീ വിഭാഗങ്ങളിലുള്ള ഹ്രസ്വചിത്രങ്ങളാണ് ശനിയാഴ്‌ച പ്രദർശിപ്പിച്ചത്‌. മേളയിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടുന്ന മൂന്നു ചിത്രങ്ങൾക്ക്‌ പി വി ശ്രീനിജിൻ എംഎൽഎ ക്യാഷ്‌ അവാർഡും പ്രഖ്യാപിച്ചു.

പ്രദർശനം നടന്ന മൂന്ന്‌ വേദികളിലും മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടത്തി.
സംവിധായകരായ മനോജ്‌ കാന, സിദ്ധാർഥ ശിവ, ടി ദീപേഷ്, കവി സുകുമാരൻ ചാലിഗദ്ദ, രാജേഷ് കെ എരുമേലി തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. ആദിവാസിമേഖലയിലെ കുട്ടികളെ അഭിരുചിക്കനുസരിച്ച്‌ വ്യത്യസ്‌ത മേഖലകളിൽ വളരാനും പ്രാവീണ്യം നേടാനും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്വപ്‌നസാഫല്യം എന്ന്‌ അർഥമാക്കുന്ന ‘കനസ്‌ ജാഗ’ പദ്ധതി നടപ്പാക്കുന്നത്‌.

കുടുംബശ്രീയുടെ നവീനമായ 
ഇടപെടൽ: മന്ത്രി എം ബി രാജേഷ്‌

കുടുംബശ്രീയുടെ നവീന ഇടപെടലുകളിൽ ഒന്നാണ് പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള ഹ്രസ്വചലച്ചിത്രമേളയെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌. കുടുംബശ്രീ ‘കനസ്‌ ജാഗ’ ഹ്രസ്വചലച്ചിത്രമേള ഓൺലൈനായി ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശീയ മേഖലയിലെ കുട്ടികളുടെ നേതൃത്വത്തിൽ ഹ്രസ്വചലച്ചിത്രങ്ങൾ നിർമിക്കുന്നതും ചലച്ചിത്രമേള നടത്തുന്നതും രാജ്യത്ത്‌ ആദ്യമാണ്‌. സമൂഹത്തിലെ പല ശ്രദ്ധേയ വിഷയങ്ങളെയും സ്പർശിക്കുന്നവയാണ് ഓരോചിത്രവുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയെയും കഥയും തിരക്കഥയും എഴുതി ചിത്രീകരിച്ച സിനിമകളുമായെത്തിയ കുട്ടികളെയും മന്ത്രി അഭിനന്ദിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത്, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ടി എം റെജീന, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി ആർ റെനീഷ്, ഷീബ ലാൽ, കൗൺസിലർ മനു ജേക്കബ്, മരുതി മുരുകൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top