30 October Wednesday

5 പുതിയ പദ്ധതികളുമായി കുടുംബശ്രീ: ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

തിരുവനന്തപുരം > അയൽക്കൂട്ട വനിതകളുടെ സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ഉപജീവനമേഖലയിൽ അഞ്ച്‌ പുതിയ പദ്ധതിയുമായി കുടുംബശ്രീ. വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ, ഇൻക്യുബേഷൻ സെന്റർ, പോക്കറ്റ് മാർട്ട് ഇ– കൊമേഴ്സ് ആപ്ലിക്കേഷൻ, സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം ആറാം ഘട്ടം, നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് രണ്ടാം ഘട്ടം എന്നിങ്ങനെ ഉപജീവനരംഗത്ത് വൻ കുതിപ്പിന് സഹായകമാകുന്ന പദ്ധതികൾക്കാണ് തുടക്കമാകുന്നത്. ബുധൻ പകൽ മൂന്നിന്‌ തിരുവനന്തപുരം ഫോർട്ട് മാനർ ഹോട്ടലിൽ പദ്ധതികളുടെ സംസ്ഥാന ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും.  

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം- പദ്ധതി പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ (ഒഎസ്എഫ്). സൂക്ഷ്മസംരംഭ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ യൂണിറ്റുകളുടെ തൊഴിൽരംഗത്തെ അറിവ്, പ്രവൃത്തി പരിചയം, പ്രായോഗിക ജ്ഞാനം എന്നിവ പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്ന സംരംഭകർക്കായി പ്രയോജനപ്പെടുത്തുന്നതിനായി തുടങ്ങുന്ന പദ്ധതിയാണ് ഇൻക്യുബേഷൻ സെന്ററുകൾ. കുടുംബശ്രീ ഉൽപ്പന്നങ്ങളും വിവിധ പദ്ധതികൾ വഴി ലഭ്യമാകുന്ന സേവനങ്ങളും   വിപണിയിലെത്തിക്കുകയും അതുവഴി സംരംഭകർക്ക് ഓൺലൈൻ വിപണിയുടെ സാധ്യത തുറന്നുകൊടുക്കുന്നതിനുമായി ആരംഭിച്ച സംവിധാനമാണ് പോക്കറ്റ്മാർട്ട് ആപ്ലിക്കേഷൻ. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം പദ്ധതിയുടെ ആറാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതും സംരംഭമേഖലയെ ശക്തിപ്പെടുത്താൻ സഹായകമാകും. കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവർഗങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന ബ്രാൻഡഡ് കാർഷിക ഔട്ട്‌ലെറ്റുകളായ നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ‌ബുധനാഴ്ച തുടക്കമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top