തിരുവനന്തപുരം
ഓണത്തിന് കുടുംബശ്രീ ഉപ്പേരിയും ശർക്കരവരട്ടിയും സ്വന്തം ബ്രാൻഡ് പേരിൽ വിപണിയിലെത്തിക്കും. എല്ലാ വർഷവും വിപണിയില്‍ യൂണിറ്റുകളുടെ ഓണം ഉൽപ്പന്നങ്ങളാണെങ്കിലും, ആദ്യമായാണ് ഒരു പേരിൽ ബ്രാൻഡ് ചെയ്ത് സംസ്ഥാനവ്യാപകമായി വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത്.
മുൻവർഷങ്ങളിൽ 50 കിലോയിലധികം ഉൽപ്പാദനം നടത്തിയ ഏകദേശം മുന്നൂറോളം യൂണിറ്റുകളെയാണ് തെരഞ്ഞെടുത്തത്. ഉൽപ്പന്നങ്ങൾ കുടുംബശ്രീയുടെതന്നെ സ്‌റ്റോറുകൾ വഴിയും വിതരണക്കാർ വഴി കടകളിലും ലഭ്യമാക്കും. കോട്ടയം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യൂണിറ്റുകൾക്കുള്ള പരിശീലനം കായംകുളത്ത് പൂർത്തിയായി. ബാക്കിയുള്ള ഏഴു ജില്ലയ്‌ക്ക് 29നാണ് പരിശീലനം. പരിശീലനം പൂർത്തിയാകുന്നതോടെ ബ്രാൻഡിന്റെ പേരും തീരുമാനിക്കും. കവറിൽ പേരിനൊപ്പം ഉൽപ്പാദന യൂണിറ്റിന്റെ പേരും മേൽവിലാസവും ഉണ്ടാകും. ഓരോ ജില്ലയിലും വ്യത്യസ്തമായ നിരക്കിലാണ് വിൽപ്പന. വില നിശ്ചയിക്കുന്നത് ഏത്തക്കായയുടെ വിഭാഗവും വിലയും പരിഗണിച്ചാണ്. മുൻവർഷങ്ങളിൽ ഓണക്കിറ്റിലേക്കുള്ള ഉപ്പേരിയും ശർക്കരവരട്ടിയും സംസ്ഥാനത്ത് വിവിധ യൂണിറ്റുകളാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇതിലൂടെ കോടികളുടെ വരുമാനം കുടുംബശ്രീക്ക് നേടാനായി. മസാലകൾ, കറിപ്പൊടികൾ എന്നിവയും കുടുംബശ്രീ ബ്രാൻഡിൽ വിപണിയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..