മഞ്ചേരി > പ്രാദേശിക ഉല്‍പ്പന്നങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചുനൽകുന്ന ജില്ലയിലെ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാൻ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ (എൻആർഒ) സംഘം കാവനൂരിലെത്തി. കുടുംബശ്രീ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ദാരിദ്ര്യലഘൂകരണം സാധ്യമാക്കുന്നത് എങ്ങനെയെന്ന് പഠിക്കാനാണ് സംഘം എത്തിയത്. ചൊവ്വാഴ്ച കാവനൂർ കമ്യൂണിറ്റി ഹാളിൽ നടന്ന അരീക്കോട് ബ്ലോക്ക്തല പരിശീലന പരിപാടിയിൽ പങ്കെടുത്ത ഇവർ ജനപ്രതിനിധികളുമായും കുടുംബശ്രീ ഭാരവാഹികളുമായും സംവദിച്ചു. എൻആർഒ ഭാരവാഹികളും ഫീൽഡ് ഉദ്യോഗസ്ഥരുമായ അഹമ്മദാബാദ് സ്വദേശി പലക്, ഹരിയാനയിൽനിന്നുമുള്ള ചവി, മഹാരാഷ്ട്രയിൽനിന്നുള്ള സാവിത്രി എന്നിവരാണ് സംഘത്തിലുള്ളത്. സംഘം നാളെ കോഴിക്കോട് ജില്ലയിലെ കൂടുംബശ്രീയുടെ വിവിധ സംരംഭം, യൂണിറ്റുകൾ, ഹോട്ടലുകൾ, ബഡ്‌സ് സ്‌കൂളുകൾ, ട്രസ്റ്റ് ഷോപ്പുകൾ, എംസിഎഫ് എന്നിവയും സംഘം സന്ദർശിക്കും.
കുടുംബശ്രീയുടെ വിവിധ പദ്ധതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതിനായി കുടുംബശ്രീയുടെ സഹകരണത്തോടെ കേന്ദ്രസർക്കാർ രൂപീകരിച്ചതാണ് എൻആർഒ. സ്ത്രീകൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുകയാണ് കുടുംബശ്രീ ഹോം ഷോപ്പ്. പ്രാദേശിക ഉല്‍പ്പന്നങ്ങൾക്ക് പ്രാദേശിക വിപണി ഉറപ്പാക്കാനാകും. ഇതുവഴി വനിതകൾക്ക് തൊഴിലവസരം ലഭിക്കും. സംസ്ഥാന സർക്കാർ കെ- ലിഫ്റ്റിൽ ഉൾപ്പെടുത്തിയാണ് ഹോം ഷോപ്പ് നടപ്പാക്കുന്നത്. കാവനൂരിൽ നടന്ന സ്വീകരണ പരിപാടിയിൽ ഹോംഷോപ്പ് പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റർ പ്രസാദ് കൈതക്കൽ, സതീശൻ സ്വപ്നക്കൂട്, നിരഞ്ജൻ ബാലകൃഷ്ണൻ, മാജിത, ദിവ്യ, പി ടി സുമയ്യ എന്നിവർ സംസാരിച്ചു. ജന്നത്ത് ബേബി സ്വാഗതവും നസീറ ചീക്കോട് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..