തിരുവനന്തപുരം
കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന സൂക്ഷ്മസംരംഭ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ (ഒഎസ്‌എഫ്) പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശാല, പെരുങ്കടവിള, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, അമ്പലപ്പുഴ ബ്ലോക്കുകളിലാണിത്. സൂക്ഷ്മസംരംഭ മേഖലയിലുള്ള സംരംഭകർക്ക് തൊഴിൽമേഖല വിപുലീകരിക്കാനും വരുമാനം വർധിപ്പിക്കാനും പദ്ധതി സഹായകമാകും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്.
സംരംഭങ്ങൾക്കുള്ള വികസന സേവനങ്ങൾ, സംരംഭങ്ങൾ ആരംഭിക്കാനും വളർത്തുന്നതിനുമുള്ള ആശയരൂപീകരണവും പിന്തുണയും, സംരംഭങ്ങൾ സജ്ജീകരിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ സംവിധാനം, സംരംഭകർക്കാവശ്യമായ പരിശീലനങ്ങൾ, മാർക്കറ്റിങ്ങിനും വായ്പാ ലഭ്യതയ്ക്കുമുള്ള പിന്തുണ എന്നിവ ലഭ്യമാക്കും. രണ്ടു ബ്ലോക്കുകൾ ചേരുന്നതാണ് വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ. ഓരോ സെന്ററിനും 5.53 കോടി രൂപ വീതം ആകെ 11.06 കോടി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. 6.64 കോടി കേന്ദ്ര വിഹിതവും 4.42 കോടി സംസ്ഥാന വിഹിതവുമാണ്. മൂന്നു വർഷമാണ് ഒരു ഒഎസ്എഫ് പദ്ധതിയുടെ കാലാവധി. ഓരോ സെന്ററും ഈ കാലയളവിൽ 150 സംരംഭ യൂണിറ്റുകൾക്ക് പിന്തുണ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..