31 October Thursday

കുടുംബശ്രീയുടെ പുത്തൻ പദ്ധതികൾ വികസനത്തിന്‌ മുതൽക്കൂട്ട്‌: മന്ത്രി

സ്വന്തം ലേഖികUpdated: Thursday Oct 31, 2024

തിരുവനന്തപുരം
കുടുംബശ്രീ മുഖേന ഉപജീവന മേഖലയിൽ ആരംഭിക്കുന്ന പുത്തൻ പദ്ധതികൾ കേരളത്തിന്റെ വികസനത്തിനുള്ള മികച്ച സംഭാവനയായി മാറുമെന്ന് മന്ത്രി എം ബി രാജേഷ്. അയൽക്കൂട്ട വനിതകളുടെ സുസ്ഥിര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ, ഇൻക്യുബേഷൻ സെന്റർ, പോക്കറ്റ് മാർട്ട് ഇ –-കൊമേഴ്സ് ആപ്ലിക്കേഷൻ, സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം ആറാം ഘട്ടം, നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്ക് രണ്ടാം ഘട്ടം, ഹരിതസമൃദ്ധി ക്യാമ്പയിൻ എന്നീ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.
ഏറ്റെടുത്തിട്ടുള്ള ഏത്‌ ദൗത്യവും വിജയിപ്പിച്ച കുടുംബശ്രീയുടെ പുതിയ പദ്ധതികളും മികച്ച മാതൃകകളായി മാറുമെന്നും മന്ത്രി പറഞ്ഞു.

വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സൂക്ഷ്മസംരംഭ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം -പദ്ധതി പ്രകാരം സംസ്ഥാനത്ത് തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ നടപ്പാക്കുന്ന പദ്ധതി. തിരുവനന്തപുരം ജില്ലയിലെ പാറശാല, പെരുങ്കടവിളയിലും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, അമ്പലപ്പുഴ ബ്ലോക്കുകളിലും നടപ്പാക്കും.

പോക്കറ്റ് മാർട്ട് ആപ്ലിക്കേഷൻ

കുടുംബശ്രീ ഉൽപ്പന്നങ്ങളും വിവിധ പദ്ധതികൾ വഴി ലഭ്യമാകുന്ന സേവനങ്ങളും പൊതുജനങ്ങളിലെത്തിക്കാനുള്ള ഇ –- -കൊമേഴ്സ് ആപ്ലിക്കേഷൻ. ആദ്യഘട്ടത്തിൽ 750 സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകും."ലഞ്ച് ബെൽ' പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾ ഭക്ഷണം ഓർഡർ ചെയ്യുന്നതും പോക്കറ്റ്മാർട്ട് വഴിയാണ്.

സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം ആറാംഘട്ടം

ഗ്രാമീണ മേഖലയിൽ സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയും ദേശീയ ഗ്രാമീണ ഉപജീവന മിഷനും ചേർന്ന്‌ തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ നടപ്പാക്കുന്ന പദ്ധതി.

നേച്ചേഴ്സ് ഫ്രഷ് അഗ്രി 
കിയോസ്ക്- രണ്ടാം ഘട്ടം

കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവർഗങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്ന ബ്രാൻഡഡ് കാർഷിക ഔട്ട്‌ലെറ്റുകൾ. പദ്ധതിയുടെ രണ്ടാം ഘട്ടമായി 52 നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്കുകൾകൂടി പ്രവർത്തനമാരംഭിക്കും.

ഹരിതസമൃദ്ധി- പച്ചക്കറിക്കൃഷി ക്യാമ്പയിൻ

കുടുംബശ്രീ വനിതാ കർഷക സംഘങ്ങൾക്ക് പ്രാദേശികമായി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ശീതകാല പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി അവരുടെ വരുമാനം വർധിപ്പിക്കുന്നതിനും പോഷക സുരക്ഷ ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ.

ഇൻക്യുബേഷൻ സെന്ററുകൾ

സൂക്ഷ്മസംരംഭ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളുടെ തൊഴിൽ രംഗത്തെ അറിവ്, പ്രവൃത്തി പരിചയം, പ്രായോഗിക ജ്ഞാനം തുടങ്ങി  പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്ന സംരംഭകർക്കും പ്രയോജനപ്പെടുത്തുന്നതിനാണ് ഇൻക്യുബേഷൻ സെന്ററുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top