03 December Tuesday
ചാൻസലർ രണ്ടാഴ്‌ചയ്ക്കകം സ്വന്തം അധികാരം വിശദീകരിക്കണം

സെർച്ച് കമ്മിറ്റിക്ക്‌ സ്‌റ്റേ ; കുഫോസിലും കൂപ്പുകുത്തി ഗവർണർ

സ്വന്തം ലേഖികUpdated: Thursday Jul 18, 2024


കൊച്ചി
കേരള ഫിഷറീസ്‌ സര്‍വകലാശാല (കുഫോസ്) വിസി നിയമന സെര്‍ച്ച് കമ്മിറ്റി ഹെെക്കോടതി സ്‌റ്റേ ചെയ്‌തു. സർവകലാശാല പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലർകൂടിയായ ഗവര്‍ണർ ആരിഫ് മൊഹമ്മദ്ഖാന്റെ നടപടി ചോദ്യംചെയ്‌ത്‌ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഇടക്കാല ഉത്തരവ്‌. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാൻസലർക്കുള്ള അധികാരം സംബന്ധിച്ച് രണ്ടാഴ്ചയ്‌ക്കകം വിശദീകരണം നൽകാനും ജസ്‌റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു. എതിർകക്ഷികൾക്കടക്കം നോട്ടീസ് അയയ്‌ക്കാനും നിർദേശിച്ച കോടതി യുജിസിയെ സ്വമേധയാ കക്ഷിചേർത്തു. ഹർജി ആഗസ്‌ത്‌ എട്ടിന്‌ പരിഗണിക്കും.

സർവകലാശാലാ പ്രതിനിധികൾ ഇല്ലാതെയാണ് കുഫോസ് അടക്കം ആറ്‌ സർവകലാശാലകളിലെ വിസി നിയമനത്തിന് ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ജൂൺ 29നായിരുന്നു ഇതുസംബന്ധിച്ച വിജ്ഞാപനം. യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയിൽ. ജമ്മു കശ്മീർ കേന്ദ്ര സർവകലാശാലയിലെ പ്രൊഫ. സഞ്ജീവ് ജെയ്ൻ, കൊച്ചി സർവകലാശാല മുൻ വിസി ഡോ. പി കെ അബ്ദുൽ അസീസ്, ഐഎസിഎആർ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ ഡോ. ജെ കെ ജീന എന്നിവരാണ് കുഫോസ് വിസി സെർച്ച് കമ്മിറ്റിയിലുള്ളത്.

സംസ്ഥാനത്തെ സർവകലാശാലകളിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളെ ഏകപക്ഷീയമായി നിയമിക്കാനുള്ള അധികാരം ഗവർണർക്കില്ലെന്ന് വിസി നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സർക്കാർ ഹെെക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. യുജിസിയുടെ 2018 റഗുലേഷൻ പ്രകാരം യുജിസി നോമിനിയെ ഉൾപ്പെടുത്തി അക്കാദമിക് മേഖലയിലുള്ളവരുടെ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന വ്യക്തിയെ വൈസ് ചാൻസലറായി ചാൻസലർ നിയമിക്കും. വൈസ് ചാൻസലർ‌ നിയമനത്തിനു മാത്രമാണ് ചാൻസലർക്ക് അധികാരമെന്ന് റ​ഗുലേഷനിൽ പരാമർശിച്ചിട്ടുണ്ട്.

സെർച്ച് കമ്മിറ്റിയിൽ മൂന്നുമുതൽ അഞ്ചുവരെ അംഗങ്ങൾ വേണമെന്നാണ് യുജിസി നിബന്ധന. ഇതനുസരിച്ച് നിയമസഭ നിയമനിർമാണം പൂർത്തിയാക്കിയെങ്കിലും അംഗീകരിക്കാൻ ചാൻസലർ തയ്യാറായിട്ടില്ല. ചാൻസലർ, വൈസ് ചാൻസലർ സ്ഥാനങ്ങളിൽ അക്കാദമിക്‌ നിലവാരമുള്ള വിഷയവിദ​ഗ്ധരെ ഉൾപ്പെടുത്തണമെന്നും യുജിസി മാനദണ്ഡപ്രകാരം അഞ്ചം​ഗ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നുമാണ് സംസ്ഥാന നിയമസഭ പാസാക്കിയ സർവകലാശാലാ ഭേദഗതി ബില്ലിലെ ശുപാർശ. എന്നാൽ ഇതു മാസങ്ങളോളം പിടിച്ചുവച്ചശേഷം രാഷ്ട്രപതിയുടെ പരി​ഗണനയ്‌ക്ക്‌ അയച്ചിരിക്കുകയാണ് ഗവർണർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top