23 December Monday

കുമരകം ബോട്ട് ദുരന്തം: വേർപിരിഞ്ഞവരുടെ ഓർമയ്ക്കായി ഒഴുകുന്ന പുസ്‌തകശാല

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ആലപ്പുഴ > കുമരകം ബോട്ട് ദുരന്തത്തിൽ വേർപിരിഞ്ഞവരുടെ ഓർമകൾ ഇനി ഒഴുകുന്ന പുസ്‌തകശാലയ്ക്ക് അക്ഷരവെളിച്ചമേകും. മുഹമ്മ--കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ എസ് 52 നമ്പർ ബോട്ടിലെ പുസ്‌തകശാലയിലേക്ക് ദുരന്തത്തിൽ മരിച്ച 29 പേരുടെയും ഓർമയ്ക്കായി എബി വിലാസം സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് പുസ്‌തകം കൈമാറി. 29 പുസ്‌തകങ്ങളാണ് നൽകിയത്.

രണ്ടു വർഷം മുമ്പ് രാജ്യത്ത് ആദ്യമായി ഒരു യാത്ര ബോട്ടിൽ ഒഴുകുന്ന പുസ്തകശാല ഒരുക്കിയത് എബി വിലാസം സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റായിരുന്നു. 300ലേറെ പുസ്‌തകം ഉള്ള ഈ ബോട്ടിലേക്ക് തന്നെയാണ് കുമരകം ദുരന്തത്തിന്റെ 22ാം വാർഷിക ദിനത്തിൽ 29 പുസ്‌ത‌കം കൂടി നൽകി ഇവർ പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി പുസ്‌ത‌‌കാഞ്‌ജലിയേകിയത്.

ബോട്ട് ദുരന്തത്തിൽ മരിച്ച ചേർത്തല എസ്എൻ കോളേജ് എൻഎസ്എസ് വളന്റിയറായിരുന്ന മുഹമ്മ മറ്റത്തിൽ ഷൈനിയുടെ ഓർമയ്ക്കായുള്ള പുസ്‌തകം അച്ഛൻ എം കെ സുകുമാരനും സഹോദരൻ ഷാജിയും ചേർന്ന്  ഏറ്റുവാങ്ങി. ഇവരുടെ വീട്ടുവളപ്പിൽ ഓർമമരമായി പ്ലാവിൻ തൈയും നട്ടു. മറ്റുള്ളവരുടെ പുസ്‌തകങ്ങൾ സ്‌കൂൾ മാനേജർ ജെ ജയലാൽ വിദ്യാർഥികളിൽ നിന്നും ഏറ്റുവാങ്ങി സ്റ്റേഷൻ മാസ്റ്റർ ഷാനവാസ്‌ ഖാന് കൈമാറി. അനന്യ പി അനിൽ സ്‌മ‌രണാഞ്ജലി ഗാനം ആലപിച്ചു.

പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചറിയ, പ്രോഗ്രാം ഓഫീസർ എ വി വിനോദ്, അധ്യാപികരായ  എൽ അർച്ചന, എൻ വി വിപിൻ,  സംഗീതാധ്യാപകൻ ബി ബിബിൻ,  എം എസ് ശ്രീപ്രിയ, അക്ഷയ്,  ഐശ്വര്യ അനീഷ്, അമൃത് ശങ്കർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top