കൊച്ചി
നിശ്ചയിച്ചതിനും വളരെ നേരത്തേ അറ്റകുറ്റപ്പണി പൂർത്തിയാക്കി കുണ്ടന്നൂർ–-തേവര പാലം തുറന്നു. എസ്‌എംഎ നിർമാണവിദ്യയിൽ അധിഷ്‌ഠിതമായ അറ്റകുറ്റപ്പണിയിലൂടെ കൂടുതൽ ഈടും കരുത്തും ഉറപ്പാക്കാനും പൊതുമരാമത്തു വകുപ്പിനായി. ഒക്ടോബർ 15നാണ് അലക്‌സാണ്ടർ പറമ്പിത്തറ, കുണ്ടന്നൂർ–-തേവര പാലങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയത്. നവംബർ 15ന് പ്രവൃത്തി പൂർത്തിയാക്കാനായിരുന്നു ധാരണ. അറ്റകുറ്റപ്പണി ആരംഭിച്ചപ്പോൾ ഇരുപാലങ്ങളും അടച്ചിട്ടു. ഇതോടെ വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടായി. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികൾ രാഷ്ട്രീയ മുതലെടുപ്പിനും ഇറങ്ങി. കോൺഗ്രസിന്റെ എംപി ഉൾപ്പെടെ അറ്റകുറ്റപ്പണിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, താൽക്കാലിക പ്രയാസം കരുവാക്കി രാഷ്ട്രീയനേട്ടം കൊയ്യാനായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. പൊതുമരാമത്തുവകുപ്പ് പ്രവൃത്തിയുമായി അതിവഗം മുന്നോട്ടുപോയി, പത്ത് ദിവസത്തിനകം അലക്‌സാണ്ടർ പറമ്പിത്തറ പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുനൽകി.
ഇടയ്‌ക്കിടെയുണ്ടായ മഴ വില്ലനായെങ്കിലും ഒക്ടോബർ 31ന് കുണ്ടന്നൂർ–-തേവര പാലത്തിന്റെയും അറ്റകുറ്റപ്പണി തീർത്തു. അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് 650 മീറ്ററും കുണ്ടന്നൂർ–-തേവര പാലത്തിന് 1720 മീറ്ററും നീളമുണ്ട്. 12.85 കോടിയാണ് കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ് ജങ്‌ഷൻവരെയുള്ള പ്രവൃത്തികൾക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ചത്. സംസ്ഥാന ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. വികെജെ ഇൻഫ്രാസ്‌ട്രക്‌ചറിനായിരുന്നു കരാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..