കോലഞ്ചേരി
ട്വന്റി–--ട്വന്റിയിലെ കലാപത്തെ തുടർന്ന് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം വി നിതമോൾക്കെതിരെ അവിശ്വാസത്തിന് നീക്കം. വൈസ് പ്രസിഡന്റ് റോയി ഔസേഫ് നേതൃത്വത്തിന്റെ പിന്തുണയോടെ നടത്തുന്ന അനധികൃത ഇടപെടലുകളാണ് അവിശ്വാസത്തിലെത്തിച്ചത്.
പ്രസിഡന്റും വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും നാളുകളായി പോരിലാണ്. പഞ്ചായത്തിൽ നടക്കുന്ന അനധികൃത ഇടപാടുകൾക്ക് പ്രസിഡന്റ് ഒത്താശ ചെയ്യാത്തതാണ് പുതിയ നീക്കത്തിന് കാരണം. കൂടാതെ എൽഡിഎഫ് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിമിനെ പുറത്താക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കാത്തതും കാരണമായി. സാബു ജേക്കബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞദി വസം ചേർന്ന യോഗത്തിൽ നിതമോൾക്കെതിരെയുള്ള അവിശ്വാസത്തിന് അംഗീകാരം നൽകി. ശനിയാഴ്ച രാജി സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, രാജിക്ക് നിതമോൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് അവിശ്വാസത്തിലൂടെ പുറത്താക്കാൻ നീക്കം നടക്കുന്നത്.
ഭരണസമിതിയിലെ ചേരിപ്പോരും കെടുകാര്യസ്ഥതയും ഭരണസ്തംഭനത്തിൽ എത്തിച്ചിരിക്കുകയാണ്. നിരവധി പദ്ധതികൾ പാതിവഴിയിൽ മുടങ്ങി. ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെ പേരിൽ പ്രഖ്യാപിച്ച് വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്റ്റേഡിയം നിർമാണത്തിന് എംഎൽഎ ഫണ്ട് അനുവദിച്ചെങ്കിലും പഞ്ചായത്ത് എൻഒസി നൽകിയില്ല. കഴിഞ്ഞ ഒളിമ്പ്കിസ് ഹോക്കിയിൽ വീണ്ടും വെങ്കലമെഡൽ നേടിയതോടെ മുടങ്ങിക്കിടക്കുന്ന സ്റ്റേഡിയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പിറന്ന നാട്ടിൽ സ്റ്റേഡിയത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടിവന്ന അവഗണനയ്‌ക്കെതിരെ ശ്രീജേഷ് പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്ന് എംഎൽഎ വീണ്ടും ആസ്തി വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയുടെ പ്രത്യേകാനുമതി നൽകി. ഇതിന് പഞ്ചായത്ത് പ്രസിഡന്റ് മുൻകൈയെടുത്ത് എൻഒസി നൽകിയത് ട്വന്റി–ട്വന്റി നേതൃത്വത്തെ പ്രകോപിപ്പിച്ചു.
എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള നിർമാണങ്ങൾക്ക് അംഗീകാരം നൽകരുതെന്ന തീരുമാനം അട്ടിമറിച്ചെന്ന് ആരോപിച്ച് ട്വന്റി–-ട്വന്റി കോ–-ഓർഡിനേറ്ററടക്കം രംഗത്തുവന്നു. ഭരണത്തിലുള്ള അനാവശ്യ ഇടപെടലുകൾക്ക് കൂട്ടുനിൽക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസനീക്കം സജീവമാക്കിയത്. ആകെ 18 അംഗങ്ങളുള്ള പഞ്ചായത്തിൽ ട്വന്റി–-ട്വന്റി 11, കോൺഗ്രസ് മൂന്ന്, സിപിഐ എം രണ്ട്, ലീഗ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..