ആലപ്പുഴ > മണ്ണഞ്ചേരിയിൽ മോഷണം നടത്തിയതിന് അറസ്റ്റിലായ സന്തോഷ് ശെൽവത്തിന്റെ സംഘത്തിൽ 14 പേരുണ്ടന്ന് പൊലീസ്.
പ്രതികൾ കാമാച്ചിപുരം സ്വദേശികളായ കുറുവസംഘം ആണെന്നും സന്തോഷ് ശെൽവത്തെ പിടിച്ച കുണ്ടന്നൂരിൽ നിന്ന് ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടിയെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളോട് പറഞ്ഞു. കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് പൊലീസിന് മോഷ്ടാക്കളിൽ നിന്ന് ലഭിച്ചത്.
ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതും സന്തോഷ് ശെൽവവും സംഘവുമെന്നാണ് പൊലീസ് പറയുന്നത്. 29 നാണ് ആദ്യ മോഷണം നടന്നത്. പുലർച്ചെ രഹസ്യമായി പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിക്കാൻ കയറിയ സമയത്തെ അതേ വേഷത്തിലാണ് സന്തോഷിനെ എത്തിച്ചത്. സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്.
പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. സമാനരീതിയിലുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സന്തോഷ് ശെൽവം. ഇയാളുടെ പേരിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും തമിഴ്നാട്ടിൽ നിന്നാണ് നേരത്തെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. മൂന്ന് മാസം ജയിലിൽ കിടന്നതാണ്.
ഇന്നലെയാണ് പൊലീസ് സന്തോഷ് ഉൾപ്പെടെയുള്ള ചിലരെ എറണാകുളം കുണ്ടന്നൂർ തേവര പാലത്തിനുതാഴെ നിന്ന് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സംഘം കൂട്ടംചേർന്ന് താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. ഇതോടെ സ്‌ത്രീകളടക്കമുള്ള വലിയ സംഘം പൊലീസിനെ വളഞ്ഞു. സംഘർഷത്തിനിടെയാണ് സന്തോഷ് രക്ഷപ്പെട്ടത്. കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ട സന്തോഷിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തി. അഗ്നി രക്ഷാസേനയും സ്കൂബ സംഘവും സഹായത്തിനെത്തിയിരുന്നു. നാലുമണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇയാളെ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..