22 November Friday

ഓണത്തിന് കുത്താമ്പുള്ളിയുടെ കസവ് തിളക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

തൃശൂർ > കൈത്തറിയുടെയും കസവിന്റെയും പ്രൗഡിയില്ലാതെ എന്താ​ഘോഷം എന്ന് പറയുന്നവരാണ് മലയാളികൾ. ഓണമായാൽ കസവു സാരിയും മുണ്ടുമൊക്കെ നിർബന്ധമാണ്. യഥാർത്ഥ കൈത്തറിയുടെ പകിട്ടുതേടി മിക്ക കേരളീയരും എത്തിച്ചേരുക കുത്താമ്പുള്ളിയിലെ നെയ്ത്തുഗ്രാമത്തിലേക്കാണ്. ഊടിലും പാവിലും മികച്ചുനിൽക്കുന്ന കൈത്തറി വസ്ത്രങ്ങൾ കുത്താമ്പുള്ളിയുടെ മാത്രം പ്രത്യേകതയാണെന്ന് മലയാളിയുടെ പക്ഷം.

കൊച്ചി രാജവംശത്തിനുവേണ്ടി വസ്ത്രങ്ങൾ നെയ്തെടുക്കാൻ മൈസൂരിൽനിന്നും 400 വർഷങ്ങൾക്കുമുമ്പ് കൊണ്ടുവന്ന ഹിന്ദുദേവാംഗ സമുദായത്തിന്റെ പിൻമുറക്കാരാണ് ഇവിടുത്തെ നെയ്ത്തുകാർ. ആദ്യകാലങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള വസ്ത്രവ്യാപാരശാലകൾക്ക്‌ വസ്ത്രങ്ങൾ നെയ്ത് കൊടുത്തിരുന്ന പലരും സ്വന്തമായി ഷോറും തുടങ്ങിയതോടെയാണ് കുത്താമ്പുള്ളി അടിമുടി മാറിയത്. ഇഷ്ടാനുസരണം വിലക്കുറവോടെയും ​ഗുണമേന്മയോടെയും കൈത്തറി വസ്ത്രങ്ങളും മറ്റ് വസ്ത്രശേഖരങ്ങളും തെരഞ്ഞെടുക്കാമെന്നതാണ് എല്ലാവരേയും ഇവിടേയ്ക്ക് ആകർഷിക്കുന്നത്.



ഓണക്കാലത്ത് കസവുചാർത്തിയ സെറ്റുസാരിയും മുണ്ടും വേഷ്ടിക്കുമൊക്കെ ആവശ്യക്കാരുണ്ടെങ്കിലും മാർക്കറ്റ് പിടിച്ചിരിക്കുന്നത് പുത്തൻ ട്രെൻഡ് തന്നെയാണ്. അജ്‌റക്കിന്റെ ഷർട്ടും മുണ്ടും, അജ്‌റക്ക് ഫാമിലി കോംബോ ഡിസൈൻ എന്നിവയാണ് ഇത്തവണത്തെ താരം. പകുതി കളർ മുക്കിയ ഡൈ ആൻഡ് ഡൈ ഡിസൈനിനും ആരാധകരേറെ. കലംകാരി, ഇകത്, പോച്ചംപിള്ളി, ബ്രോകേഡ്‌സ്, ആരി വർക്സ്, മ്യൂറൽസ് എന്നിവയും വിപണി കീഴടക്കുന്നു. കൂടാതെ ദാവണി, സെറ്റ് സാരി, ചുരിദാർ മെറ്റീരിയൽ എന്നിവയുടെ ശേഖരവും ആകർഷണീയമാണ്.

സാരികൾ, സെറ്റുമുണ്ടുകൾ, കര മുണ്ടുകൾ എന്നിവ 250 രൂപ മുതലാണ് ആരംഭിക്കുന്നത്. ഏകദേശം 120 റീടെയിൽ ഷോപ്പുകളാണ് ഇവിടെയുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് ഓണക്കാലത്ത് കയറ്റുമതി നടത്തുന്നത്‌. കുത്താമ്പുള്ളി നെയ്ത്ത് വ്യവസായ സഹകരണ സംഘം, എരവത്തൊടി നെയ്ത്ത് സഹകരണ സംഘം, തിരുവില്വാമല നെയ്ത്ത് സഹകരണ സംഘം എന്നിവിടങ്ങളിൽനിന്ന് 20 ശതമാനം സർക്കാർ റിബേറ്റോടെ കൈത്തറി വസ്ത്രങ്ങൾ സ്വന്തമാക്കാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top