27 December Friday

വിലാസിനിക്ക്‌ 
വിലാസം കൊടുത്ത്

പി കെ സജിത്‌Updated: Thursday Dec 26, 2024

എം ടിക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയ വിലാസിനി


കോഴിക്കോട്‌
അഭിനയിച്ച സിനിമയുടെ പേര്‌ സ്വന്തം പേരായി മാറിയ അസുലഭ ഭാഗ്യത്തിന്‌ ഉടമയാണ് കുട്ട്യേടത്തി വിലാസിനി. ഈ മേൽവിലാസത്തിന്‌ താൻ കടപ്പെട്ടിരിക്കുന്നത്‌ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടിയോടാണെന്ന്‌ വിലാസിനി പറയുന്നു.

‘‘ഒരുദിവസം ടൗൺഹാളിൽ കെ ടി രവിയുടെ ‘എംഎൽഎ’ എന്ന നാടകത്തിൽ അഭിനയിക്കെ മേക്കപ്പ്‌ തുടയ്‌ക്കാൻ ഗ്രീൻ റൂമിലെത്തിയപ്പോൾ മേക്കപ്പ്‌മാനും കുടുംബ  സുഹൃത്തുമായ രാഘവേട്ടൻ പറഞ്ഞു, മോളെ കാണാൻ രണ്ടുപേർ വന്നിട്ടുണ്ടെന്ന്‌. ഞാൻ നോക്കിയപ്പോൾ എം ടി വാസുദേവൻ നായരും സംവിധായകൻ പി എൻ മേനോനും. രണ്ടാഴ്‌ച കഴിഞ്ഞുകാണും ഭർത്താവ്‌ ജോലിചെയ്യുന്നിടത്തേക്ക്‌ രാഘവേട്ടൻ വിളിച്ചു. എന്നോടും ഭർത്താവിനോടും വാസ്വേട്ടന്റെ ‘സിതാര’ വീട്ടിലെത്താൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ‘കുട്ട്യേടത്തി’ എന്ന കഥ സിനിമയാക്കുകയാണെന്നുംനായികയായി എന്നെ തെരഞ്ഞെടുത്തുവെന്നും പറഞ്ഞു. ഞാനാകെ ഞെട്ടി’’.     എം ടിയുടെ തിരക്കഥയിൽ 1971ൽ പി എൻ മേനോൻ സംവിധാനംചെയ്‌ത ‘കുട്ട്യേടത്തി' എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിച്ച കോഴിക്കോട് വിലാസിനി പിന്നീട് അറിയപ്പെട്ടത്‌ കുട്ട്യേടത്തി വിലാസിനി എന്നാണ്‌.  ബ്രോണി എന്നായിരുന്നു യഥാർഥ പേര്. നാടകം പഠിപ്പിച്ച കൊച്ചുകുട്ടൻ ആശാൻ നിർദേശിച്ചതനുസരിച്ച് പേര്‌ വിലാസിനിയെന്നാക്കി. അതിനിടെ  ഇഗ്നേഷ്യസുമായി വിവാഹം. താമസിയാതെ അമ്മയും ബ്രോണിയും ഇഗ്നേഷ്യസും കോഴിക്കോട്ടേക്ക് മാറി. ഇഗ്നേഷ്യസിന്‌ ചെറുവണ്ണൂരിൽ തീപ്പെട്ടി കമ്പനിയിൽ റൈറ്ററായി ജോലികിട്ടി.  നാടകത്തിൽ സജീവമായ കാലത്താണ് സിനിമയിൽ നായികയുടെ റോൾ ലഭിക്കുന്നത്.

‘‘കുട്ട്യേടത്തിയിലെ മാളൂട്ടിക്ക്‌ ആണുങ്ങളുടെ സ്വഭാവമാണ്‌. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചെകിട്ടത്തടിക്കും. സിനിമയിൽ അങ്ങനെയൊരു രംഗം ചിത്രീകരിക്കുകയാണ്‌.  മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ കുതിരവട്ടം പപ്പുവിന്റെ കുട്ടിശങ്കരൻ എന്ന കഥാപാത്രം അതുവഴി വരുന്നു.  പെണ്ണ്‌ മരം കേറിയെന്ന്‌ പപ്പു വിളിച്ചുപറയുമ്പോൾ താഴെയിറങ്ങി മുഖത്ത് അടിക്കണം. നാടകത്തിലും സിനിമയിലും ഗുരുസ്ഥാനത്തുള്ള പപ്പുവേട്ടനെ എങ്ങനെ അടിക്കും. ഏതായാലും നാടകശൈലിയിൽ അടിച്ചു. പി എൻ മേനോന് അത് മതിയായില്ല. രണ്ടാമത് അടിച്ചതും പിടിച്ചില്ല. മൂന്നാംതവണ നല്ല അടിതന്നെ കൊടുത്തു. പപ്പുവേട്ടന്റെ കവിൾ ചുവന്നു. ചിത്രത്തിൽ മറ്റൊരു രംഗത്തും റീ ടേക്ക് വേണ്ടിവന്നില്ല.   സിനിമയ്‌ക്ക്‌ അഡ്വാൻസായി 110 രൂപ വാസ്വേട്ടൻ തന്നു. ആ പണമെടുത്ത്‌ അന്നത്തെ ഫാഷൻ സാരി വാങ്ങി. അതിപ്പോഴും നിധിപോലെ  സൂക്ഷിക്കുന്നു. എന്റെ പേരക്കുട്ടികളോട്‌ ഇടയ്‌ക്കിടെ ഞാൻ പറയും. മരിച്ചുകഴിഞ്ഞാൽ അതെടുത്ത്‌ പുതപ്പിക്കണമെന്ന്‌’’–- കുട്ട്യേടത്തി വിലാസിനി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top