കൊല്ലം
കുവൈത്ത് തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ആശ്രിതർക്ക് കരുതലും ആശ്വാസവുമേകി സംസ്ഥാന സർക്കാർ. മരിച്ച നാല് കൊല്ലം സ്വദേശികളുടെ വീടുകളിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും എത്തി ധനസഹായം കൈമാറി. പ്രിയപ്പെട്ടവരുടെ വിയോഗം നികത്താനാകാത്തതാണെങ്കിലും സർക്കാരിന്റെ സാർത്ഥകമായ ഇടപെടൽ ഇരുൾപരന്ന ജീവിതങ്ങൾക്ക് പുതുവെളിച്ചമായി. സംസ്ഥാന സര്‍ക്കാർ സഹായമായ അഞ്ചുലക്ഷം രൂപയും നോര്‍ക്ക വഴിയുള്ള 11 ലക്ഷം രൂപയുമടക്കം 16ലക്ഷം രൂപയാണ് മന്ത്രിമാർ കൈമാറിയത്. നോര്‍ക്ക വൈസ് ചെയര്‍മാന്‍ യൂസഫലി അഞ്ചു ലക്ഷം, ഡയറക്ടര്‍മാരായ രവിപിള്ള, ജെ കെ മേനോന്‍ -രണ്ടുലക്ഷം വീതം, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ -രണ്ടുലക്ഷം എന്നിങ്ങനെയാണ് സഹായധനം നൽകിയത്.
ആനയടി വയ്യാങ്കര തുണ്ടുവിള വടക്കതിൽ ഷെമീർ (32), അഞ്ചാലുംമൂട് മതിലിൽ കന്നിമൂലവീട്ടിൽ സുമേഷ് എസ് പിള്ള (39), പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻവില്ലയിൽ സാജൻ ജോർജ് (29), ചാത്തന്നൂർ വെളിച്ചിക്കാല വടകോട്ട് ലൂക്കോസ് (48)എന്നിവരാണ് കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്.
അവിവാഹിതനായ സാജന്‍ ജോര്‍ജിന്റെ ആശ്രിതർക്കുള്ള ധനസഹായം അച്ഛനമ്മമാരായ ജോർജും വത്സമ്മയും ഏറ്റു
വാങ്ങി. ആനയടി ശൂരനാട് നോര്‍ത്ത് തുണ്ടുവിളവീട്ടില്‍ ഷമീര്‍ ഉമറുദീന്റെ അച്ഛനാണ് തുക കൈമാറിയത്. ഭാര്യ സുറുമിയും ഒപ്പമുണ്ടായിരുന്നു. കൊല്ലം മതിലില്‍, കന്നിമൂലയില്‍ വീട്ടില്‍ സുമേഷ്‌പിള്ളയുടെ ഭാര്യ രമ്യക്കാണ് തുക കൈമാറിയത്. മകള്‍ അവന്തികയും ഒപ്പമുണ്ടായിരുന്നു. ആദിച്ചനല്ലൂര്‍ വിളച്ചിക്കാല വടക്കോട്ട് വില്ലയില്‍ ലിയോ ലൂക്കോസിന്റെ ഭാര്യ ഷൈനി, അച്ഛന്‍ ഉണ്ണുണ്ണി, അമ്മ കുഞ്ഞമ്മ എന്നിവര്‍ നഷ്ടപരിഹാരം ഏറ്റുവാങ്ങി. മന്ത്രിമാര്‍ക്കൊപ്പം എൽഎൽഎമാരായ ജി എസ് ജയലാല്‍, പി എസ് സുപാല്‍, കലക്ടര്‍ എന്‍ ദേവിദാസ് തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..