ആലപ്പുഴ > കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആലപ്പുഴ തലവടി സ്വദേശികളായ നാലുപേരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. നീരേറ്റുപുറം മുളയ്‌ക്കൽ മാത്യൂസ് വി മുളയ്‌ക്കൽ (-ജിജോ –- 42), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുക. തിങ്കൾ രാവിലെ ഒമ്പതിന് ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. 25 ന് രാവിലെ 5.30ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങൾ ജിജോ പണി കഴിപ്പിച്ച വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 11.30ഓടെ കുടുംബ വീട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 12.30ന് പള്ളിയിൽ എത്തിച്ച് 1.15ന് സംസ്കാരം നടത്തും.
ഖത്തർ സമയം ഞായർ പകൽ 2.30ന് അബ്ബാസിയയിലെ സബാ ആശുപത്രിയിൽ പൊതുദർശനത്തിനുശേഷം രാത്രി 10.30നുള്ള എമറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. കുവൈത്തിലുള്ള സഹോദരി ഷീജയുടെ ഭർത്താവ് മോൻസി വിമാനത്തിൽ ഒപ്പമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ ശനിയാഴ്‌ച പൂർത്തിയായിരുന്നു. 40 ദിവസത്തെ അവധിക്ക് ശേഷം തലവടിയിലെ വീട്ടിൽനിന്ന് വെള്ളി വൈകിട്ട് അഞ്ചിനാണ് ഇവർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്. രാത്രി 9.20 ഓടെ ഇവരുടെ ഫ്ലാറ്റിലെ എയർ കണ്ടീഷണറിൽ തീപടരുകയായിരുന്നു.
അഞ്ച് നിലയുള്ള ഫ്ലാറ്റിൽ രണ്ടാമത്തെ നിലയിലെ ആറാം നമ്പർ ക്വാർട്ടേഴ്‌സിലാണ് മാത്യുവും കുടുംബവും താമസിച്ചിരുന്നത്. അഗ്‌നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്. കുവൈത്തിൽ റോയിട്ടേഴ്‌സിൽ വിവരസാങ്കേതിക വിഭാഗം എൻജിനിയറാണ് മാത്യൂസ്. ലിനി എബ്രഹാം അബ്ബാസിയയിലെ അദാൻ ആശുപത്രിയിൽ സ്‌റ്റാഫ് നഴ്‌സാണ്. ഐറിൻ അബ്ബാസിയ ഭവൻസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ഐസക് നാലാം ക്ലാസ് വിദ്യാർഥിയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..