കുവൈത്ത് സിറ്റി > കുവൈത്തിൽ സർക്കാർ കരാർ പദ്ധതികളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി വിസാ മാറ്റം അനുവദിക്കുവാൻ തീരുമാനം. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാരം റിപ്പോർട്ട് ചെയ്തത്. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഇത് പ്രകാരം സർക്കാർ കരാർ പദ്ധതികളിലും മറ്റു കരാർ മേഖലകളിലും നിലവിൽ ജോലി ചെയ്യുന്നവർക്ക് ഇഖാമ മാറ്റം അനുവദിക്കും.
നിലവിലെ തൊഴിൽ സ്ഥാപനത്തിൽ ഒരു വർഷം ജോലി പൂർത്തിയാക്കുക, തൊഴിലുടമയുടെ അനുമതി ഉണ്ടായിരിക്കുക, ജോലി ചെയ്തുകൊണ്ടിരുന്ന പദ്ധതി പൂർത്തിയായെന്നും, തൊഴിലാളിക്ക് മറ്റൊരു ജോലിയിലേക്ക് മാറാവുന്നതാണെന്നു കാണിക്കുന്ന സമ്മത പത്രം തുടങ്ങിയവയാണ് നിബന്ധനകൾ, വിസാ മാറ്റത്തിന് 350 ദിനാർ ഫീസ് പ്രത്യേകമായി അടക്കേണ്ടതായും വരും. രാജ്യത്ത് ലഭ്യമായ തൊഴിൽ ശക്തിയെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന സർക്കാർ തീരുമാനങ്ങളുടെ ഭാഗമായാണ് പുതിയ വിസാ മാറ്റത്തിനുള്ള ഇളവുകൾ എന്നാണ് കരുതുന്നത്.
ഗാർഹിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിസയും സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു. മലയാളികൾ ഉൾപ്പെടെ രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്നതായിരിക്കും പുതിയ തീരുമാനമെന്നാണ് കണക്കാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..