22 December Sunday

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം ; സമ്മേളനം ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


കൊച്ചി
കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 60–-ാം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയിൽ തുടക്കം. പാലാരിവട്ടം റിനൈ  കൊളോസിയത്തിൽ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി വിനീത അധ്യക്ഷയായി.

പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ,  ഹൈബി ഈഡൻ എംപി, കെ വി തോമസ്‌, എ എൻ രാധാകൃഷ്‌ണൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, എം ഷജിൽകുമാർ, ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു. രാവിലെ സമ്മേളനനഗരിയിൽ എം വി വിനീത പതാക ഉയർത്തി. ജനറൽ സെക്രട്ടറി ആർ കിരൺബാബു പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ട്രഷറർ സുരേഷ്‌ വെള്ളിമംഗലം കണക്കും അവതരിപ്പിച്ചു. തുടർന്ന്‌ പൊതുചർച്ച ആരംഭിച്ചു.

ഉച്ചയ്‌ക്കുശേഷം ചേർന്ന പൊതുസമ്മേളനം തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമങ്ങൾ വിമർശം ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും നേര്‌ തിരിച്ചറിയാതെ കടന്നാക്രമിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യ നിർമാർജന പരിപാടിക്ക്‌ മാധ്യമങ്ങൾ നൽകിയ പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. മേയർ എം അനിൽകുമാർ, എം വി വിനീത, ആർ കിരൺബാബു, എം ഷജിൽകുമാർ, ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു.

സാംസ്കാരിക സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. കെ സി വേണുഗോപാൽ എംപി, സംവിധായകൻ വിനയൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം കെ സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി രാജൻ എന്നിവരെ ആദരിച്ചു. തുടർന്ന് രാജേഷ്‌ ചേർത്തലയും സംഘവും സംഗീതപരിപാടി അവതരിപ്പിച്ചു.ശനി രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ, പ്രൊഫ. കെ വി തോമസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. പകൽ മൂന്നിന് സമാപനസമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top