05 November Tuesday

കുഴൽപ്പണക്കടത്ത്‌ തുടരന്വേഷണം; കോടതിയുടെ അനുമതിവാങ്ങും

സ്വന്തം ലേഖകൻUpdated: Monday Nov 4, 2024

തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത്‌ തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ 9 കോടിരൂപ കുഴൽപ്പണം എത്തിച്ചെന്ന മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിൽ പൊലീസ്‌ തുടരന്വേഷണം ഉടൻ തുടങ്ങും. അന്വേഷണാനുമതിക്കായി തിങ്കളാഴ്‌ച കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കും. ഉടൻ അനുമതി ലഭിക്കുമെന്നാണ്‌ സൂചന.

കൊടകരയിൽവച്ച്‌ കുഴൽപ്പണം കവർന്നകേസ്‌ അന്വേഷിച്ച ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘത്തിനാണ്‌ തുടരന്വേഷണ ചുമതല. സ്പെഷ്യൽ പ്രോസിക്യൂട്ടർ എം കെ ഉണ്ണിക്കൃഷ്‌ണനുമായി അന്വേഷണ ഉദ്യോഗസ്ഥൻ വി കെ രാജു ഞായർ രാത്രി കൂടിക്കാഴ്ച നടത്തി. നിർണായക വെളിപ്പെടുത്തലുകളാണ്‌ സതീശ്‌ നടത്തിയത്‌. 

തൃശൂർ ബിജെപി ഓഫീസിൽ ആറു ചാക്കുകളിലായി  9 കോടി രൂപ എത്തിയെന്നും  കുഴൽപ്പണം കടത്തിയ ധർമരാജനെ ബിജെപി സംസ്ഥാന  പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജില്ലാപ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ എന്നിവർ  പരിചയപ്പെടുത്തിയെന്നുമാണ്‌ സതീശ്‌ പറഞ്ഞത്‌. ജില്ലാ ട്രഷറർ സുജയസേനനും ധർമരാജനും കൂടെയുള്ളവരും ചേർന്നാണ്‌ പണച്ചാക്ക്‌ ഓഫീസിനുമുകളിലേക്ക്‌ കയറ്റിയത്‌. പണം കെട്ടുകളിലാക്കി മേശപ്പുറത്ത്‌ വയ്‌ക്കുന്നത്‌ കണ്ടതായും വെളിപ്പെടുത്തി.   

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 41.4 കോടിയും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ 12 കോടിയും കുഴൽപ്പണം ഇറക്കിയതായി കവർച്ചാ കേസ്‌ അന്വേഷിച്ച സംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണമിടപാട്‌ അന്വേഷിക്കാൻ കേരള പൊലീസിന്‌ കഴിയില്ല. അതിന്‌ ചുമതലപ്പെട്ട  ഇഡിക്കും ഇൻകം ടാക്‌സ്‌ വിഭാഗത്തിനും  റിപ്പോർട്ട്‌ അയച്ചിരുന്നു.  എന്നാൽ നടപടിയുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top