കൊച്ചി
രണ്ടുവട്ടം ഉസ്‌താദ് സാക്കിർ ഹുസൈന്റെ സാന്നിധ്യത്താൽ സമ്പന്നമായ ധരണിയുടെ വേദി ഇക്കുറി അദ്ദേഹത്തിന്റെ സ്‌മരണകളിൽ മൗനത്തിലാണ്ടു. സാക്കിർ ഹുസൈനൊപ്പം ലോകമെമ്പാടുമുള്ള എണ്ണമറ്റ സദസ്സുകളെ ത്രസിപ്പിച്ച വയലിൻ മാന്ത്രികൻ എൽ സുബ്രഹ്മണ്യം വാക്കുകൾ നഷ്‌ടപ്പെട്ട് വേദിയിൽ തലകുമ്പിട്ടുനിന്നു. ഒപ്പം, തലമുറകളെ നൃത്തമാടിച്ച വിരൽത്തുമ്പുകളിലെ നാദവിസ്‌മയം ഓർമകളിൽ വീണ്ടെടുത്ത് കൊച്ചിയിലെ കലാസ്വാദക സദസ്സും.
ഉസ്‌താദ് സാക്കിർ ഹുസൈന്റെ തബലവാദനത്തിന് കൊച്ചിയിൽ ആദ്യത്തെയും അവസാനത്തെയും വേദികളൊരുക്കിയ ധരണി സൊസൈറ്റിയുടെ കലോത്സവ സമാപനം അദ്ദേഹത്തിന്റെ വിയോഗനാളിൽത്തന്നെയായത് യാദൃച്ഛികം. എൽ സുബ്രഹ്മണ്യം മകൻ അമ്പി സുബ്രഹ്മണ്യത്തിനൊപ്പമെത്തുന്ന കച്ചേരിയായിരുന്നു സമാപന പരിപാടി. പാലാരിവട്ടം പിഒസിയിലെ സദസ്സുമായി സംവദിച്ച സുബ്രഹ്മണ്യം, സാക്കിർ ഹുസൈനുമായുള്ള അഞ്ചുപതിറ്റാണ്ടത്തെ ബന്ധം കുറഞ്ഞ വാക്കുകളിൽ ഓർത്തെടുത്തു. ഒഴിവാക്കാനാകാത്തതുകൊണ്ടു മാത്രമാണ് താൻ ഈ ദിവസം ഇവിടേക്ക് വന്നതെന്നും എന്നാൽ, നേരത്തേ നിശ്ചയിച്ചതുപോലെ ഈ ദിവസം താൻ വയലിൻ കച്ചേരി നടത്തുന്നില്ലെന്നും സുബ്രഹ്മണ്യം സദസ്സിനെ അറിയിച്ചു. പകരം സാക്കിർ ഹുസൈന് പ്രണാമമായി തന്റെ മകൻ അമ്പി സുബ്രഹ്മണ്യം കച്ചേരി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഗീതത്തിലുള്ള അഗാധ പാണ്ഡിത്യത്താലും പ്രകടന വൈഭവത്താലും ലോകം കീഴടക്കിയ കലാകാരനാണ് സാക്കിർ ഹുസൈനെന്ന് സുബ്രഹ്മണ്യം ഓർമിച്ചു. എഴുപതുകളുടെ പകുതിമുതൽ ആരംഭിച്ച ബന്ധമാണ്. പരമ്പരാഗത സംഗീതത്തിൽ മാത്രമല്ല, സംഗീതത്തിന്റെ എല്ലാ ശാഖകളിലും അദ്ദേഹത്തിന് ആഴത്തിൽ അറിവുണ്ടായിരുന്നു. ആ വിയോഗത്തിന്റെ വേദന പറഞ്ഞറിയിക്കാനാകാത്തതാണെന്നും സുബ്രഹ്മണ്യം പറഞ്ഞു. സുബ്രഹ്മണ്യത്തിന്റെ അച്ഛൻ ലക്ഷ്‌മി നാരായണയുടെ പേരിലുള്ള ഗ്ലോബൽ മ്യൂസിക് ഫെസ്‌റ്റിവലിന്റെ ഭാഗമായാണ് ധരണി സൊസൈറ്റി കലോത്സവത്തിന്റെ ഭാഗമായി വയലിൻ കച്ചേരി സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..