22 November Friday

വളര്‍ത്തുനായ മാന്തിയത് അവ​ഗണിച്ചു; പേ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

തിരുവനന്തപുരം> നെടുമങ്ങാട് വളർത്തുനായ കടിച്ച് പേവിഷബാധയേറ്റ വീട്ടമ്മ മരിച്ചു. ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്‌നി (44) ആണ് മരിച്ചത്.

രണ്ടര മാസം മുൻപാണ് വളർത്തു നായ ജയ്‌നിയുടെ മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തു. നായ ഒരു മാസം കഴിഞ്ഞ് ചത്തു. എന്നാൽ തന്റെ കയ്യിൽ നായ മാന്തിയത് ജയ്‌നി അവ​ഗണിച്ചു. ഇത് ആരോടും പറയാനോ വാക്സിൻ എടുക്കാനോ തയ്യാറായില്ല.

മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വച്ച് പേ വിഷബാധ സ്ഥിരീകരിച്ചു.

തുടർന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരിച്ചത്. വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.

നഗരസഭ ജീവനക്കാരും മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും വീട്ടിലും ചിറക്കാണി വാര്‍ഡിലെ മറ്റു വീടുകളിലും പ്രദേശത്തും ക്ലോറിനേഷന്‍ നടത്തി. വളര്‍ത്തു നായകള്‍ക്ക് വാക്സിന്‍ എടുക്കുകയും അമ്പതോളം തെരുവ് നായകളെ പിടികൂടുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നവര്‍ക്ക് റാബിസ് വാക്സിനും നല്‍കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top