26 December Thursday

സംരംഭകർക്ക് ഭൂമിയുണ്ട്, ഇളവും ; വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ 
 10 ശതമാനം അടച്ചാൽ രണ്ടുവർഷം മൊറോട്ടോറിയം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024


തിരുവനന്തപുരം
വ്യവസായ ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്ഐഡിസിയുടെയും ഭൂമി നൽകാനുള്ള ചട്ടം (ലാൻഡ് ഡിസ്പോസൽ റെഗുലേഷൻസ്) പരിഷ്കരിച്ചു. വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനുമാണ് പരിഷ്കരണമെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ 10 ശതമാനം അടച്ചാൽ രണ്ടുവർഷം മൊറോട്ടോറിയം ലഭിക്കും. 60 വർഷമാണ്‌ പാട്ടക്കാലാവധി. 100 കോടി രൂപയ്‌ക്കുമുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷംവരെയാകും. കുറഞ്ഞത് 10 ഏക്കർ ഭൂമി അനുവദിക്കും. 50മുതൽ- 100 കോടിരൂപ വരെ നിക്ഷേപം വേണ്ടിവരുന്നവയ്‌ക്ക്‌ ആകെ പാട്ടത്തുകയുടെ 20 ശതമാനവും 100 കോടിക്കുമേൽ നിക്ഷേപമുണ്ടെങ്കിൽ 10 ശതമാനവും മുൻകൂർ അടച്ചാൽ മതി. ആദ്യവിഭാഗക്കാർ ബാക്കി 80 ശതമാനം തുക അഞ്ചു വാർഷിക ഗഡുക്കളായും 100 കോടിക്കുമേൽ നിക്ഷേപം കൊണ്ടുവരുന്നവർ ബാക്കിയുള്ള 90 ശതമാനം ഒമ്പതു വാർഷിക തവണകളായും അടച്ചാൽ മതി. തുക അടച്ച തീയതിമുതൽ 24 മാസംവരെ പലിശസഹിതം മൊറട്ടോറിയം ലഭിക്കും. 

50 ഏക്കറിന് മുകളിൽ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവുമുള്ളവയ്‌ക്ക്‌ പുനരുപയോഗ, ഹരിത ഊർജ മേഖലകളിലെ ഹ്രസ്വകാല പദ്ധതികളിൽ വാർഷിക വാടകയ്‌ക്ക്‌ സ്ഥലം നൽകും. ഭൂമി കിട്ടിയയാൾ മരിക്കുകയോ പദ്ധതിക്ക്‌ തുടർച്ച ഇല്ലാതാകുകയോ ചെയ്‌താൽ അവകാശികൾക്ക് ഏറ്റെടുക്കാം. പദ്ധതി മതിയാക്കി പോകുന്നവർ അവശേഷിക്കുന്ന പാട്ടത്തുക പൂർണമായും അടയ്‌ക്കണം എന്ന വ്യവസ്ഥയിലും മാറ്റംവരുത്തി.

പദ്ധതി മതിയാക്കുന്നവർക്ക്‌ മറ്റൊരാൾക്ക്‌ കൈമാറാനും പാട്ടത്തുക ഇളവോടെ തിരിച്ചടയ്‌ക്കാനും സൗകര്യമുണ്ടാ. അഞ്ച്‌ വർഷത്തിൽ താഴെ പ്രവർത്തിച്ചവർ പകുതി തുക അടച്ചാൽ മതി. അഞ്ചുമുതൽ ഏഴുവർഷംവരെ പ്രവർത്തിച്ചവർ 20 ശതമാനവും അതിൽ കൂടുതൽ പ്രവർത്തിച്ചവർ 10 ശതമാനവും നൽകിയാൽ മതി. പരിഷ്കരിച്ച ചട്ടം സംസ്ഥാനത്തെ വ്യവസായ വികസനത്തിന് വലിയ ഉത്തേജനം നൽകുമെന്ന്‌ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top