24 November Sunday

ഓരോ ആംബുലൻസിലും 
പൊന്നോമനയെ തിരഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

മേപ്പാടി
പൊന്നുമോളുടെ മൃതദേഹത്തിനായി അലയുകയാണ് എടത്തൊടി മൻസൂർ. ഓരോ ആംബുലൻസ് വരുമ്പോഴും ആശുപത്രിയിലേക്ക് ഓടിയെത്തും. സ്ട്രെക്ചറിൽ തുണിയിൽ പൊതിഞ്ഞുകൊണ്ടുവരുന്നത് മകളല്ലെന്ന്‌ ഉറപ്പാക്കും. മേപ്പാടി ഗവ. ആശുപത്രിക്ക് മുന്നിലെ സങ്കടക്കാഴ്ചകളിലൊന്നാണ് പാടേ തകർന്നുപോയ ഈ ഉപ്പ.

ഉമ്മ പാത്തുമ്മ, സഹോദരി സുമയ്യ, ഭാര്യ നസീറ, മകൻ മുനവീർ, മകൾ റിൻഷാ ഫ-ാത്തിമ എന്നിവരടങ്ങിയതാണ് മൻസൂറിന്റെ കുടുംബം. മകൻ മുട്ടിൽ കോളേജിൽ ബിരുദത്തിനും മകൾ വെള്ളാർമല സ്കൂളിൽ ഒമ്പതിലും പഠിക്കുന്നു. കൊടുവള്ളിയിലെ കടയിൽ ജീവനക്കാരനാണ് മൻസൂർ. തിങ്കളാഴ്ച രാത്രി ബന്ധുക്കൾ വിളിച്ച് പറഞ്ഞപ്പോഴാണ് ഉരുൾപൊട്ടൽ വിവരം മൻസൂർ അറിഞ്ഞത്. ഭാര്യയെയും മക്കളെയും വിളിച്ചുനോക്കി. കിട്ടിയില്ല. കുടുംബത്തിലെ എല്ലാവരെയും ഉരുൾ കവർന്നിരുന്നു.

‘‘രാത്രി വിളിച്ചപ്പോൾ നല്ല മഴയുണ്ടെന്ന് പറഞ്ഞു. പിന്നെ കുറഞ്ഞെന്നും പറഞ്ഞു. അവർക്ക് രക്ഷപ്പെടാൻ പറ്റിയില്ല. ഉമ്മാക്ക് പ്രായമുണ്ട്. വീടിന് പിന്നിൽ ഒരു കയറ്റമാണ്. അവിടെക്ക് പെട്ടെന്ന് ഓടിപ്പോകാൻ പറ്റില്ല. തൊട്ടടുത്ത വീട്ടിലേക്ക് പോയി എന്നാണ് കേൾക്കുന്നത്. ആ വീട്ടുകാരും ഇല്ലാതായി. ചൊവ്വാഴ്ചതന്നെ മകന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തി. മൂന്നുനാൾ കഴിഞ്ഞ് സഹോദരിയുടെത്‌. ഉമ്മയുടേത് കിട്ടിയിട്ട് രണ്ട് ദിവസമായി. മൃതദേഹങ്ങൾക്കിടയിൽ ഉറ്റവരെ തിരഞ്ഞ്‌ ഞാൻ തകർന്നുപോയി''–-മൻസൂർ പറഞ്ഞു. കഴിഞ്ഞദിവസം മൻസൂർ ചൂരൽമലയിലെത്തി തിരച്ചിൽ നടത്തിയിരുന്നു. വീടുണ്ടായിരുന്നിടത്തെല്ലാം പരതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top