22 December Sunday

ദുരന്തമുഖത്ത് മരണം 243; ബെയ്‌ലി പാലം നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

കല്‍പ്പറ്റ> വയനാട് ചൂരല്‍മലയിലുണ്ടായ ഭയാനക ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 243 ആയി. ഇന്ന് പകല്‍ മുഴുവന്‍ നടത്തിയ ശക്തമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ നിരവധി പേരെ രക്ഷിക്കാനും ഒരുപാട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനും സാധിച്ചു. 94 മൃതദേഹങ്ങളാണ് ഇന്ന് പുറത്തെടത്തത്.
 
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി.  അതേസമയം,ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ പുനഃരാരംഭിക്കും.



 മലപ്പുറം വാഴക്കാട് മണന്തല കടവില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു.നിലമ്പൂരില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മേപ്പാടി ആശുപത്രിയിലെത്തിക്കൊണ്ടിരിക്കുകയാണ്.20 ആംബുലന്‍സുകള്‍ മേപ്പാടിയിലെത്തി.

ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെഎസ്ഇബി. കല്‍പ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാന്‍സ്‌ഫോമറുകളും എത്തി.

ചൂരല്‍മല ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ച് അവിടങ്ങളില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.


ബുധനാഴ്ച പുലര്‍ച്ചെയോടുകൂടി തന്നെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.

മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. ഒരു മൃതദേഹത്തിന്റെ ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.


ചൂരല്‍മലയിലേക്ക് ബെയ്‌ലി പാലം നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ട്രക്കുകളിലേക്ക് മാറ്റി.ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ എത്തിച്ച ഉപകരണങ്ങളാണ് ട്രക്കുകളിലേക്ക് മാറ്റിയത്



 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top