വയനാട്
ദുരന്തത്തിനിരയായ ജനങ്ങളുടെ ജീവിതസാഹചര്യം പരിഗണിച്ച് അടിയന്തര സഹായമെത്തിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വയനാടിന് ആശ്വാസം പകരും. ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ തേയിലത്തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് കൂടുതലും. മുണ്ടക്കൈയിലെ തേയിലത്തോട്ടങ്ങളിൽ പണി പുനരാരംഭിക്കാൻ സമയമെടുക്കും. വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ സകലതും തകർന്നതിനാൽ നാടിന്റെ സാമ്പത്തികാവസ്ഥ നേരെയാവാനും കാലമെടുക്കും. ഇതെല്ലാം പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനം.
ഇതിന് പുറമേ താൽക്കാലിക പുനരധിവാസ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്. പരമാവധി സർക്കാർ കെട്ടിടങ്ങൾ ഇതിനായി കണ്ടെത്താനാണ് ശ്രമം. വീടുകൾ കണ്ടെത്തി താമസിക്കുന്നവർക്കുള്ള പ്രതിമാസ വാടക സർക്കാർ നൽകും. ദുരന്തത്തിൽ 385 വീടുകളാണ് പൂർണമായും തകർന്നതായി കണക്ക്. 642 കുടുംബങ്ങൾ ക്യാമ്പുകളിലുണ്ട്.
ബന്ധുവീടുകളിലും മറ്റും താമസം മാറിയ ധാരാളം കുടുംബങ്ങൾ വേറെയുമുണ്ട്. മറ്റൊരു വാസസ്ഥലം കണ്ടെത്തുന്നതിന് കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതമാണ് സർക്കാർ നൽകുന്നത്. ജീവനോപാധി നഷ്ടമായ കുടുംബങ്ങളിലെ പ്രായപൂർത്തിയായ രണ്ടുപേർക്ക് വീതം ദിവസേന മുന്നൂറ് രൂപ ഉപജീവന സഹായവും നൽകും. ഒരു മാസത്തേക്കാണ് ഈ സഹായം. ഒരാൾക്ക് ഒമ്പതിനായിരം രൂപ വീതം എന്ന തോതിൽ കുടുംബത്തിന് 18,000 രൂപ വരെ സഹായമെത്തും.
കിടപ്പുരോഗികൾ, ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികൾ എന്നിവർ അംഗങ്ങളായ കുടുംബങ്ങളിലെ മൂന്നുപേർക്കും ഇതേ തുക നൽകും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ കുടുംബങ്ങൾക്കാണ് ഈ സഹായം. സംസ്ഥാന ദുരന്ത പ്രതികരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽനിന്നാണ് തുക കണ്ടെത്തുക.
വലിയ സഹായം
ഇട്ടവസ്‌ത്രമല്ലാതെ മറ്റൊന്നും ബാക്കിയില്ലാതെയാണ് ഭൂരിഭാഗവും ക്യാമ്പുകളിൽ എത്തിയത്. തകർന്നുപോയ ജീവിതത്തിൽ എങ്ങനെ വീണ്ടും തുടങ്ങുമെന്ന ആധി ചെറുതല്ല. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ഒഴിയുമ്പോൾ 10,000 രൂപയും മറ്റു ധനസഹായങ്ങളും നൽകുന്നത് വലിയ സഹായമാണ്. ദുരിതബാധിതരുടെ പുനരധിവാസവും മാതൃകാപരമായിരിക്കും എന്നാണ് പ്രതീക്ഷ.
സരിത, നാരായണൻ നിവാസ്, ചൂരൽമല
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..