22 December Sunday

‘അർജുന് വേണ്ടി കാത്തിരിപ്പ് തുടരുന്നു’; തിരച്ചിൽ പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

അങ്കോള (ഉത്തര കർണാടക)> കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽപെട്ട്‌ ലോറിയടക്കം കാണാതായ മലയാളി യുവാവിനായുള്ള കാത്തിരിപ്പ് തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നുരാവിലെ പുനരാരംഭിച്ചു.

ദുരന്തം നടന്ന്‌ നാലു ദിവസമായിട്ടും മണ്ണിനടിയിൽപെട്ടുവെന്ന്‌ കരുതുന്ന ലോറി പോലും  കർണാടക സർക്കാരിന്‌ കണ്ടെത്താനായില്ല. അർജുന്റെ ബന്ധുക്കളെത്തി പരാതി പറഞ്ഞിട്ടും അവർ അനങ്ങിയില്ല. വെള്ളിയാഴ്‌ച രാവിലെ കേരളസർക്കാർ ഇടപെട്ടശേഷമാണ്‌ രക്ഷാപ്രവർത്തനം അൽപമെങ്കിലും ഊർജിതമായത്‌.

ദേശീയപാത 66ൽ അങ്കോളയ്‌ക്കടുത്ത്‌ ഷിരൂരിൽ  മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ്‌ കാണാതായത്‌. കേരളസർക്കാരിന്റെ സമ്മർദ്ദത്തെത്തുടർന്ന്‌ ജിപിഎസ് മുഖാന്തരം തിരച്ചിൽ നടത്തിയപ്പോഴാണ്‌ മണ്ണിനടിയിൽ ലോറിയുള്ളതായി സൂചന ലഭിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സ്ഥലം കേന്ദ്രീകരിച്ച് ടിപ്പർ ലോറികളിൽ മണ്ണ് നീക്കുകയാണിപ്പോൾ.

ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. അർജുൻ മണ്ണിനടിയിലാണെന്ന്‌ പുറംലോകമറിഞ്ഞത് 73 മണിക്കൂർ കഴിഞ്ഞാണ്‌.  വെള്ളി രാവിലെ അർജുന്റെ വീട്ടുകാരുടെ സങ്കടമറിഞ്ഞ് സംസ്ഥാന സർക്കാർ ഇടപെട്ടപ്പോഴാണ് കർണാടകം സംഭവം ഗൗരവത്തിലെടുത്തത്‌. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കർണാടക സർക്കാരുമായി അടിയന്തിരമായി ഇടപെട്ടുവരികയാണ്‌. ബംഗളൂരുവിൽ നിന്നെത്തിയ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും പൊലീസും വ്യാഴവും വെള്ളി ഉച്ചവരെയും അർജുനായി ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തി.

രക്ഷാപ്രവർത്തനത്തിന്‌ തടസ്സമായി പ്രദേശത്ത്‌ കനത്ത മഴ തുടരുകയാണ്‌.  മൂന്നാൾ പൊക്കത്തിൽ മണ്ണ്‌ ഇപ്പോഴും റോഡിലുണ്ട്‌. മണ്ണിടിച്ചിൽ തുടരുന്നത്‌ ആശങ്കയുണ്ടാക്കുന്നു. വെള്ളി ഉച്ചക്കു ശേഷം റോഡ് അടച്ചിട്ടാണ്‌ രക്ഷാപ്രവർത്തനം. രാത്രി ഒമ്പതോടെ തെരച്ചിൽ നിർത്തുകയായിരുന്നു.

സമ്മർദംചെലുത്തി സംസ്ഥാന സർക്കാർ


കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന്‌ അഭ്യർഥിച്ച്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌   മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.  ആവശ്യമായ ഇടപെടൽ നടത്താൻ ചീഫ്‌ സെക്രട്ടറി ഡോ. വി വേണുവിനെ  ചുമതലപ്പെടുത്തി.  കർണാടക സർക്കാരുമായും അങ്കോളയുൾപ്പെടുന്ന ഉത്തര കന്നഡ ഡെപ്യൂട്ടി കമീഷണർ, ജില്ലാ പൊലീസ്‌ മേധാവി എന്നിവരുമായി ചീഫ്‌ സെക്രട്ടറി നിരന്തരം ബന്ധപ്പെടുന്നുണ്ട്‌. ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും റവന്യു– ഗതാഗത മന്ത്രിമാരും ചീഫ്‌ സെക്രട്ടറിമാരും ചർച്ചകൾ നടത്തി.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക്‌ കേരളത്തിൽനിന്ന്‌ എൻഡിആർഎഫ്‌, നേവി സംഘങ്ങളെ അയയ്‌ക്കാനും നടപടിയെടുത്തു. ആവശ്യമായ ഇടപെടലിന്‌ കാസർകോട്‌ കലക്ടറെ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിയോഗിച്ചിരുന്നു. കാണാതായ അർജുൻകോഴിക്കോട്‌ സ്വദേശിയായതിനാൽ  ഏകോപനത്തിന്‌ കോഴിക്കോട്‌ കലക്ടറെ മന്ത്രി പി എ മുഹമ്മദ്‌ റിയാസും ചുമതലപ്പെടുത്തി. മന്ത്രി എ കെ ശശീന്ദ്രൻ അർജുന്റെ കുടുംബത്തെ സന്ദർശിച്ച്‌  എല്ലാ സഹായവും ഉറപ്പുനൽകി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top