22 November Friday
നിരവധിപേരെ കണ്ടെത്താനുണ്ട്

രക്ഷാപ്രവർത്തനം ദുഷ്കരം; ചാലിയാറിൽ മനുഷ്യ ശരീരങ്ങൾ ഒഴുകിയെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

കൽപ്പറ്റ> വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 44 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചാലിയാർ പുഴയുടെ തുടക്കത്തിൽ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് വരെ മനുഷ്യ ശരീരങ്ങൾ ഒഴുകി എത്തി.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഒരു പ്രദേശം മുഴുവൻ ഒഴുക്കി നിരപ്പാക്കിയാണ് ഉരുൾ നീങ്ങിയത്. മനുഷ്യ ശരീരങ്ങൾ തന്നെ ചിതറിപ്പോയി.

പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട് എങ്കും അവിടേക്ക് എത്തിപ്പെടുക ദുഷ്കരമായി തുടരുകയാണ്. നിരവധി വീടുകൾ ഒലിച്ചുപോയി. പല വീടുകളിലും മണ്ണ് മൂടിയ നിലയിലാണ്.

2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി. വയനാട് ജില്ലാ തലസ്ഥാനമായ കല്പറ്റയിൽ നിന്ന് 20 കിലോ മീറ്റർ മാത്രം വ്യത്യാസത്തിലാണ്.

ചിന്നിച്ചിതറി ഒഴുകി എത്തിയത് ചാലിയാറിലേക്ക്

മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഭാഗങ്ങളിലേക്കാണ് നദിയിൽ ശരീരങ്ങൾ ഒഴുകി എത്തിയത്. രണ്ട് ആശുപത്രികളും, റിസോർട്ടും വിദ്യാലയവും ഇവിടെ ഉണ്ടായിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തുന്നവർ നേരത്തെ ഈ കവലയിലാണ് വാഹനം നിർത്തി വെള്ളച്ചാട്ടം കാണാൻ വേണ്ടി പോയിരുന്നത്. പിന്നീടാണ് പാലം വന്നത്. ഈ കവലയിലെ കടകളും പൂർണ്ണമായും ഇല്ലാതായി.

മരണസംഖ്യയിൽ ആശങ്ക

ഏകദേശം 250-ഓളം പേര്‍ മുണ്ടക്കൈയില്‍ കുടുങ്ങികിടക്കുന്നതായാണ് വിവരങ്ങള്‍. നിരവധി വീടുകള്‍ ഒലിച്ചുപോയി. മേഖലയിലുണ്ടായിരുന്ന ഒന്‍പത് ലയങ്ങളും എസ്‌റ്റേറ്റിലെ നാല് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും ഒലിച്ചുപോയെന്നാണ് വിവരം. ഇവിടങ്ങളില്‍ 65 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന 35 തൊഴിലാളികളെ കാണാനില്ലെന്നും വിവരങ്ങളുണ്ട്.

ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

എന്‍.ഡി.ആര്‍.എഫിനെ റോപ്പ് ചെയ്ത് മുണ്ടക്കൈയിലേക്ക് എത്തിക്കാനാണ് ശ്രമം. റോഡ് മാര്‍ഗം കുടുങ്ങികിടക്കുന്നവരെ തിരികെയെത്തിക്കാനാകില്ല. ഒന്നുകില്‍ താത്കാലിക പാലം നിര്‍മിക്കണം. അല്ലെങ്കില്‍ എയര്‍ലിഫ്റ്റിങ് സാധ്യത മാത്രമാണ് മുന്നിലുള്ളത്. ചൂരല്‍മലയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പല വീടുകളും ഇവിടെ ഒലിച്ചുപോയി. ഒരു ഹോംസ്‌റ്റേയിലുണ്ടായിരുന്ന രണ്ട് വിദേശികളടക്കം ഒട്ടേറെപേരെ രക്ഷപ്പെടുത്തി. 

പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഹെലികോപ്റ്ററുകൾ പറത്താൻ പറ്റാത്ത കാലവസ്ഥയാണ്. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും. വൈകുന്നേരം 5 മണി ആകുമ്പോഴേക്കും ഇരുട്ട് വീഴുന്ന പ്രദേശമാണ്. വെള്ളരിമലയുടെ ഒരു ഭാഗത്തിന് ചേർന്നാണ് ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top