22 November Friday
ശബ്‌ദങ്ങൾ

അവ്യക്ത് പിച്ചവയ്ക്കുന്നു പതിയെ

ഹർഷാദ്‌ മാളിയേക്കൽUpdated: Wednesday Aug 7, 2024

കോഴിക്കോട്
ഒമ്പതുവയസ്സുകാരന് താങ്ങാവുന്നതിലുമപ്പുറമാണ്‌ അവ്യക്തിന്റെ ശരീരത്തിലെ മുറിവുകൾ. ഉരുളെടുത്ത രാത്രി കുത്തൊഴുക്കിൽപ്പെട്ട് എങ്ങോ എത്തിയ കുഞ്ഞു​ദേഹത്ത് പരിക്കുകളും ചെളിയുമായിരുന്നു. സന്നദ്ധ പ്രവർത്തകർ രക്ഷിക്കുമ്പോഴും ഒന്നുറക്കെ കരയാൻപോലുമാകാതെ തളർന്ന്‌ അവശനായ ആ ബാലൻ ഇതാ ജീവിതത്തിലേക്ക് വീണ്ടും പിച്ചവയ്ക്കുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലുള്ള അവ്യക്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററിലായിരുന്ന കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. കുത്തൊഴുക്കിൽ അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട്‌ തനിച്ചായിപ്പോയതാണ്‌ ഈ ബാലൻ. എന്നാൽ അവനെ ചേർത്തുപിടിക്കാൻ അമ്മ രമ്യയുണ്ടാകും. സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള രമ്യ ആരോ​ഗ്യനില വീണ്ടെടുത്തു.

ഇവരെ വാർഡിലേക്ക് മാറ്റി. അവ്യക്തിന്റെ ശരീരത്തിലെ മുറിവുകൾ ഉണങ്ങിവരുന്നതേയുള്ളൂ. ഓക്സിജൻ മാസ്കിലൂടെയാണ് ശ്വസിക്കുന്നത്‌. ശ്വാസകോശത്തിലെ ചെളി ഒഴിവാക്കാൻ സമയമെടുക്കും. കുറച്ച് ദിവസത്തിനകം ഇതെല്ലാം ശരിയായി വാർഡിലേക്ക് മാറാനാകുമെന്നാണ് പ്രതീക്ഷ.

ഇടതുകണ്ണിനോടുചേർന്ന് മുറിവുള്ളതിനാൽ തുന്നലുണ്ട്‌. കണ്ണുകൾ തുറക്കാൻ പറ്റുന്നില്ലെങ്കിലും ശബ്ദങ്ങളിലൂടെ ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്ന് അമ്മാവൻ ലിജിൻ പറഞ്ഞു. അമ്മമ്മ പ്രേമയുടെയും മേമ രജനിയുടെയും ശബ്ദം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നുമുണ്ട്. ഉരുൾപൊട്ടലിൽ കാണാതായ അവ്യക്തിന്റെ അച്ഛൻ മഹേഷ്, സഹോദരി ആരാധ്യ, അച്ഛമ്മ ഓമന എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അച്ഛച്ഛൻ വാസുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ദേശാഭിമാനി ഫോട്ടോ​ഗ്രാഫർ എം എ ശിവപ്രസാദാണ്‌ അവ്യക്തിനെ തിരിച്ചറിയാൻ കുടുംബത്തെ സഹായിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top