23 December Monday

ഉരുൾപൊട്ടലും ശക്തമായ മഴയും: പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോർജ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തിരുവനന്തപുരം> വയനാട്ടിലെ ഉരുൾപൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണ്. എലിപ്പനി കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. എല്ലാ ആശുപത്രികളിലും അവശ്യ മരുന്നുകൾ, ഒആർഎസ്, സിങ്ക്, ഡോക്‌സിസൈക്ലിൻ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാൻ നിർദേശം നൽകി. ലഭ്യത കുറവ് മുൻകൂട്ടി അറിയിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റാൽ ചികിത്സിക്കാനുള്ള ആന്റി സ്‌നേക്ക് വെനം സ്റ്റോക്ക് ഉറപ്പാക്കാനും നിർദേശം നൽകി.

ആശുപത്രികൾ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കണം. ദുരിത ബാധിത പ്രദേശങ്ങളിൽ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സേവനങ്ങൾ ഉറപ്പാക്കണം. ശുചീകരണ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട് മുതലായവ ധരിക്കേണ്ടതാണ്. വൈദ്യുതാഘാതം, പാമ്പ് കടി, ഇഴജന്തുക്കൾ ഉൾപ്പെടെയുള്ളവയുടെ ആക്രമണം മുതലായവ ഒഴിവാക്കാനുള്ള സുരക്ഷാ നടപടികൾ കൈക്കൊള്ളുക. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രികളിൽ ഉപകരണങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും ആരോഗ്യ സേവനം ഉറപ്പാക്കാൻ ഒരു നോഡൽ ഓഫീസർ ഉണ്ടായിരിക്കണം. ക്യാമ്പുകളിൽ ഡയാലിസിസ്, കീമോതെറാപ്പി മുതലായ ചികിത്സയിലുള്ള രോഗികൾക്ക് തുടർചികിത്സ ഉറപ്പാക്കണം. ഏതെങ്കിലും രോഗങ്ങൾക്ക് പതിവായി മരുന്ന് കഴിക്കുന്നവർ അത് തുടരേണ്ടതാണ്. സൂരക്ഷിതമല്ലാത്ത മേഖലകളിൽ വസിക്കുന്നവർ നിർദ്ദേശം കിട്ടിയാലുടനെ ദൂരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറി താമസിക്കേണ്ടതാണ്. പക്ഷി മൃഗാദികളുടെ ശവശരീരങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഴത്തിൽ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി സംസ്‌കരിക്കേണ്ടതാണ്.

പകർച്ചവ്യാധി നിയന്ത്രണം


· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
· കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് അണുബാധ തടയും.
· മഴവെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്.
· പഴകിയ ഭക്ഷണം കഴിക്കരുത്.
· ആർക്കെങ്കിലും പനിയോ വയറിളക്കമോ ഉണ്ടായാൽ ഉടനടി ചികിത്സ തേടേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ


· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.
· കുടിവെള്ള സ്രോതസുകൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ക്ലോറിനേറ്റ് ചെയ്യണം.
· ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരം ആഴ്ച്ചയിൽ രണ്ടുതവണ അണുനശീകരണം നടത്തണം.
· ക്യാമ്പുകളിൽ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടത്തുക.
· ക്യാമ്പുകളിൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് ഫോഗിംഗും മറ്റ് വെക്ടർ നിയന്ത്രണ പ്രവർത്തനങ്ങളും നടത്തുക.
· ഗർഭിണികൾ, കുഞ്ഞുങ്ങൾ, ദീർഘകാല രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുക.
· രോഗലക്ഷണങ്ങളുള്ളവരെ മാറ്റി താമസിപ്പിക്കേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top