22 December Sunday

കുടുങ്ങിയത് നാട്ടില്‍ വന്നിട്ട് ജോലികിട്ടാതെ മടങ്ങിയവര്‍

സ്വന്തം ലേഖകന്‍Updated: Sunday Jul 27, 2014

കൊച്ചി: ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നേഴ്സുമാരില്‍ 70 ശതമാനവും നേരത്തെ നാട്ടില്‍വന്ന് മടങ്ങിയവര്‍. ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് നാട്ടിലെത്തിയ നേഴ്സുമാരില്‍ ഭൂരിഭാഗവും ഇവിടെ ജോലി ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടുംമൂലം ലിബിയയിലേക്ക് തിരിച്ചുപോകുകയായിരുന്നു. 1500-ലേറെ മലയാളി നേഴ്സുമാരാണ് ലിബിയയുടെ പലഭാഗത്തായി കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലെ മെഡിക്കല്‍ സെന്ററില്‍ മാത്രം 500ല്‍ അധികം മലയാളി നേഴ്സുമാരുണ്ട്. ആഭ്യന്തര കലാപം രൂക്ഷമായതോടെ ഇവരുടെ താമസ പ്രദേശത്ത് ബോംബുവര്‍ഷവും റോക്കറ്റാക്രമണവും വര്‍ധിക്കുകയാണ്. പുറത്തിറങ്ങിയാല്‍ കൈവശമുള്ള പണവും സാധനങ്ങളും അക്രമികള്‍ കൊള്ളയടിക്കും. പുരുഷ നേഴ്സുമാരാണ് ലിബിയയില്‍ കൂടുതലുള്ളത്. കുടുങ്ങിക്കിടക്കുന്നവരില്‍ 40 ശതമാനത്തോളം പുരുഷ നേഴ്സുമാരാണ്.

ഇറാഖില്‍നിന്ന് നേഴ്സുമാര്‍ മടങ്ങിവന്നതോടെ സര്‍ക്കാര്‍ ഏതെങ്കിലും രീതിയില്‍ സഹായിക്കുമെന്ന പ്രതീക്ഷ ലിബിയയിലുള്ളവര്‍ക്കുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഒരു സഹായവും ചെയ്തിട്ടില്ല. ഇറാഖില്‍നിന്ന് 10 പുരുഷ നേഴ്സുമാര്‍ ഉള്‍പ്പെടെ 223 പേരാണ് ഇതുവരെ മടങ്ങിവന്നത്. ഇതില്‍ ആദ്യംവന്ന 46 പേര്‍ക്ക് മാത്രമാണ് 5000 രൂപയും വീട്ടില്‍പ്പോകാന്‍ വാഹനസൗകര്യവും നല്‍കിയത്. നോര്‍ക്ക വൈസ് ചെയര്‍മാനും വ്യവസായിയുമായ സി കെ മേനോന്‍ മൂന്നുലക്ഷം രൂപവീതം സഹായം നല്‍കുമെന്നും സ്വന്തംനിലയ്ക്ക് ആദ്യം മടങ്ങിയ 10 നേഴ്സുമാര്‍ക്ക് വിമാന ടിക്കറ്റിന്റെ തുക നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിക്രിതില്‍നിന്ന് മടങ്ങിയെത്തിയ നേഴ്സുമാരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായിട്ടില്ല. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ലിബിയയിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടച്ചു.

റമദാന്‍ അവധിക്കുശേഷം അയല്‍രാജ്യമായ ടുണീഷ്യയില്‍ എത്തിയാലേ നേഴ്സുമാര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിച്ചാല്‍ മാത്രമെ ഇവരുടെ മടങ്ങിവരവ് വേഗത്തിലാകൂ. ലിബിയയില്‍ കഴിയുന്ന ഓരോ നിമിഷവും നേഴ്സുമാരുടെ ജീവന് ഭീഷണിയാണ്. ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന 67 നേഴ്സുമാരുടെ വിവരങ്ങള്‍ തിരുവനന്തപുരത്ത് നോര്‍ക്ക-റൂട്സിന്റെ കോള്‍സെന്ററില്‍ ഞായറാഴ്ച വൈകിട്ട് നാലുവരെ ലഭിച്ചു. നേഴ്സുമാരെ തിരികെ കൊണ്ടുവരുന്നതിനെപ്പറ്റി സര്‍ക്കാര്‍തലത്തിലുള്ള നിര്‍ദേശമൊന്നും നോര്‍ക്ക-റൂട്സിന് ഇതുവരെ ലഭിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top