മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കരിമ്പന്‍കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് സ്വന്തമായി "വാര്‍പ്പ്' വീടുണ്ട്. പക്ഷേ അന്തിയുറക്കം ടാര്‍പ്പായ കെട്ടിയ ചായ്പ്പില്‍. പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്‍പ്പെടുന്ന കരിമ്പന്‍കുന്ന് ആദിവാസികോളനി നിവാസികള്‍ക്കാണ് മാനം കറുത്താല്‍ വീട്ടിനുപുറത്തുപോകേണ്ട അവസ്ഥയുള്ളത്.2008-09 വര്‍ഷത്തിലെ ട്രൈബല്‍ സ്പെഷല്‍ സ്കീം (ടിഎസ്പി) അനുസരിച്ച് നിര്‍മിച്ച വീടാണിത്. 500 മുതല്‍ 650 ചതുരശ്ര അടിവിസ്തീര്‍ണമുണ്ട്. രണ്ടുമുറിയും അടുക്കളയും ചെറിയ ഹാളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. എന്നാല്‍ വീട്ടിനുള്ളില്‍ ചോര്‍ച്ചയില്ലാത്ത ഒരുഭാഗവും ഇപ്പോള്‍ ഇല്ല.ടിഎസ്പി പദ്ധതി പ്രകാരം ഒരുവീടിനു ഒന്നര ലക്ഷം രൂപയാണ് അനുവദിച്ചത്.
പട്ടികവര്‍ഗ വിഭാഗത്തിലായതിനാല്‍ വീട് നിര്‍മാണം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഈ കാരണത്താല്‍ സര്‍ക്കാര്‍ നേരിട്ട് പഞ്ചായത്തിലെ ഒരു കരാറുകാരനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 13 വീടുകള്‍ ഈ കരാറുകാരന്‍ നിര്‍മിച്ചു. കാല്‍കോടി രൂപ ചെലവിലാണ് കോളനിയില്‍ വാര്‍പ്പ് വീടുണ്ടാക്കിയത്.പട്ടിണിയും ദുരിതവും മഴക്കാലരോഗങ്ങളും ദുരിതം വിതയ്ക്കുതിന് പുറമേ സമാധാനമായി ഉറങ്ങാന്‍ പോലും ഇവര്‍ക്കാവുന്നില്ല. 35 വീടുകളുള്ള ഈ കോളനിയില്‍ മൂന്ന് വീടുകള്‍ ഇപ്പോള്‍ പുനര്‍നിര്‍മിക്കുന്നുണ്ട്. രണ്ടു വീടുകള്‍ ഇപ്പോഴും ഓടുമേഞ്ഞതാണ്. കോളനിയിലെ ഏക കുഴല്‍കിണര്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കേടായി. അഞ്ചുവീടുകളില്‍ പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ മാത്രമുള്ള വീട്ടമ്മമാരുമുണ്ട്. മഴപെയ്താല്‍ പിഞ്ചുകുഞ്ഞുങ്ങളെയെടുത്ത് അമ്മമാര്‍, വീട്ടിനു പുറത്തേക്കോടണം. ചേറുംകുളത്തുനിന്നും തത്തേങ്ങലം റോഡിലാണ് കരിമ്പന്‍കുന്ന് ആദിവാസി കോളനി. സൈലന്റ്വാലി വനത്തോട് ചേര്‍ന്നുകിടക്കുന്ന ഇവിടെ പുരുഷന്‍മാരും സ്ത്രീകളും പ്രായഭേദമന്യേ വനത്തില്‍പ്പോയി വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുകയാണ്. ചില ചെറുപ്പക്കാര്‍ കൂലിപ്പണിയെടുത്തും മറ്റു ചിലര്‍ സ്വകാര്യ എസ്റ്റേറ്റുകളില്‍ കാടുവെട്ടാനും പോകുന്നു. പേടിക്കാതെ അന്തിയുറങ്ങാനൊരിടം എന്നെങ്കിലും തങ്ങള്‍ക്കാവുമോയെന്നാണ് ഇവരുടെ ചോദ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..